Latest Videos

'പക്വതയും ഉത്തരവാദിത്വവുമുള്ള ഇന്നിംഗ്‌സ്'; സഞ്ജുവിനെ പ്രശംസിച്ച് മുന്‍താരം

By Web TeamFirst Published Apr 25, 2021, 12:51 PM IST
Highlights

അനായാസം ടീമിനെ വിജയവഴിയിലേക്ക് തിരിച്ചുകൊണ്ടുവന്ന സഞ്ജുവിനെ പ്രശംസിച്ചിരിക്കുന്നു ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍ പി സിംഗ്. 

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയത് നായകന്‍ സഞ്ജു സാംസണിന്‍റെ കൂടി മികവിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ ആറ് വിക്കറ്റിന് രാജസ്ഥാന്‍ തോല്‍പിച്ചപ്പോള്‍ ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സ് കളിച്ച സഞ്ജു 41 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. 

അനായാസം ടീമിനെ വിജയവഴിയിലേക്ക് തിരിച്ചുകൊണ്ടുവന്ന സഞ്ജുവിനെ പ്രശംസിച്ചിരിക്കുന്നു ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍ പി സിംഗ്. 'പക്വതയും ഉത്തരവാദിത്വവുമുള്ള ഇന്നിംഗ്‌സാണ് സഞ്ജുവില്‍ നിന്നുണ്ടായത്. ക്യാപ്റ്റന്‍സി അദേഹത്തെ കൂടുതല്‍ മികച്ച ബാറ്റ്സ്‌മാനാക്കി മാറ്റുന്നതായി പ്രതീക്ഷിക്കുന്നു' എന്നാണ് മുന്‍താരത്തിന്‍റെ പ്രശംസ. നാല് വിക്കറ്റുമായി രാജസ്ഥാന്‍റെ ജയത്തില്‍ നിര്‍ണായകമായ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെയും ആര്‍ സിംഗ് അഭിനന്ദിച്ചു. 

Such a matured and responsible innings from . Hope, captaincy is making him a better batter. But, Chris Morris 'FOUR' was the winning four.

— R P Singh रुद्र प्रताप सिंह (@rpsingh)

ഐപിഎല്ലിൽ തുടരെ രണ്ട് തോൽവികൾക്ക് ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയിൽ തിരിച്ചെത്തിയത്. കരുതലോടെ ടീമിന്റെ ജയത്തിനായി സഞ്ജു നങ്കൂരമിട്ടപ്പോൾ രാജസ്ഥാനെ തേടിയെത്തിയത് സീസണിലെ രണ്ടാം ജയം. കൊൽക്കത്തയുടെ 134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ഏഴ് പന്ത് ശേഷിക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. സഞ്ജുവിന്‍റെ 42ന് പുറമെ ഡേവിഡ് മില്ലർ 24*ഉം യശസ്വി ജയ്സ്വാളും ശിവം ദുബെയും 22 റൺ വീതവും നേടി. 

ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് നിശ്ചിത ഓവറിൽ 133 റൺസെടുത്തത്. രാജസ്ഥാൻ ബൗളർമാർക്ക് മുന്നില്‍ 36 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ദിനേശ് കാർത്തിക് 25ഉം നിതീഷ് റാണ 22ഉം റൺസെടുത്തു. രാജസ്ഥാനായി ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്‌ത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ ആറാമതെത്തി. അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള കൊൽക്കത്ത അവസാന സ്ഥാനക്കാരായി. 

click me!