ധവാന്‍ ഷോയില്‍ പഞ്ചാബ് മുങ്ങി; ഡല്‍ഹിക്ക് ജയം, രണ്ടാമത്

By Web TeamFirst Published Apr 18, 2021, 11:35 PM IST
Highlights

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 18.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മുംബൈ: ഐപിഎല്ലില്‍ കിംഗ്‌സ് പഞ്ചാബിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് ജയം. ആറ് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 18.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 92 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയശില്‍പി. ഇതോടെ റിഷഭ് പന്തിനും സംഘത്തിനും മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയമായി. നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അവര്‍. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള പഞ്ചാബ് രണ്ട് പോയിന്റോടെ ഏഴാമതാണ്. ലൈവ് സ്കോര്‍.

ധവാന്‍ ഷോ

പൃഥ്വി ഷാ (32)- ധവാന്‍ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൃഥ്വിയെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. എങ്കിലും വലിയ സ്‌കോറിന് മുന്നില്‍ ധവാന്‍ പകച്ചു നിന്നില്ല. കൂറ്റനടികളുമായി കളി പിടിച്ച ധവാന്‍ വിജയത്തിനടുത്തെത്തിച്ചാണ് ക്രീസ് വിട്ടത്. ജേ റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ ധവാന്റെ വിക്കറ്റ് തെറിച്ചു. 13 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഇതിനിടെ സ്റ്റീവ് സ്മിത്ത് (9), റിഷബ് പന്ത് (15) എന്നിവരും പവലിയനില്‍ തിരിച്ചെതത്തി. എന്നാല്‍ പുറത്താവാതെ നിന്ന മാര്‍കസ് സ്റ്റോയിനിസ് (13 പന്തില്‍ 27), ലളിത് യാദവ് (12) സഖ്യം ഡല്‍ഹിക്ക് ജയം സമ്മാനിച്ചു. 

പഞ്ചാബിന് തകര്‍പ്പന്‍ തുടക്കം

ഓപ്പണിംഗ് വിക്കറ്റില്‍ 122 റണ്‍സാണ് ഇരുവരും നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത മായങ്ക് തന്നെയായിരുന്നു കൂടുതല്‍ അപകടകാരി. 36 പന്തില്‍ നിന്നാണ് കര്‍ണാടകക്കാരന്‍ 69 റണ്‍സ് അടിച്ചെടുത്തത്. ഇതില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടും. മറുവശത്ത് രാഹുല്‍ ശ്രദ്ധയോടെ കളിച്ചു. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ലുക്മാന്‍ മെരിവാലയുടെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 

പുരാന്‍, ഗെയ്ല്‍ നിരാശപ്പെടുത്തി

മായങ്ക് മടങ്ങിയതോടെ ക്യാപ്റ്റന്‍ രാഹുല്‍ ഗിയര്‍ മാറ്റി. എന്നാല്‍ അധികനേരം മുന്നോട്ട് പോയില്ല. കഗിസോ റബാദയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ ഡീപ് മിഡ് വിക്കറ്റില്‍ സ്റ്റോയിനിസിന് ക്യാച്ച് നല്‍കി. പിന്നീടെത്തിയ താരങ്ങളില്‍ ദീപക് ഹുഡ (13 പന്തില്‍ പുറത്താവാതെ 22), ഷാറുഖ് ഖാന്‍ (5 പന്തില്‍ പുറത്താവാതെ 15) ഒഴികെ മറ്റാര്‍ക്കും റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിച്ചില്ല. 9 പന്തില്‍ 11 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിനെ ക്രിസ് വോക്‌സിന് ക്യാച്ച് നല്‍കി. നിക്കോളാസ് പുരാന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. 8 പന്തില്‍ 9 റണ്‍സെടുത്ത പുരാന്‍ ആവേശ് ഖാന്റെ പന്തില്‍ റബാദയ്ക്ക് ക്യാച്ച് നല്‍കി. ഷാറുഖ്- ഹൂഡ സഖ്യം നേടിയ 16 റണ്‍സാണ് പഞ്ചാബിന്റെ സ്‌കോര്‍ 190 കടത്തിയത്. 

സക്‌സേന അരങ്ങേറി

ചെന്നൈക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. മുരുകന്‍ അശ്വിന് പകരം കേരള താരം ജലജ് സക്‌സേന ടീമിലെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. അജിന്‍ക്യ രഹാനെയ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്തി. ഡല്‍ഹിക്ക് വേണ്ടി സ്മിത്തിന്റെ അരങ്ങേറ്റമാണിത്. ലുക്്മാന്‍ മെരിവാലയും ഡല്‍ഹിക്കായി അരങ്ങേറ്റം കുറിച്ചു. ടോം കറനാണ് പുറത്തായത്. അവസാനം കളിച്ച മത്സരങ്ങളില്‍ ഇരുവരും പരാജയപ്പെട്ടിരുന്നു. ഡല്‍ഹി രാജസ്ഥാന്‍ റോയല്‍സിനോടും പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടുമാണ് തോറ്റത്.

ടീമുകള്‍

പഞ്ചാബ് കിംഗ്സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരുഖ് ഖാന്‍, ജേ റിച്ചാര്‍ഡ്സണ്‍, ജലജ് സക്‌സേന, റിലേ മെരേഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ക്രിസ് വോക്സ്, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, ലുക്മാന്‍ മെരിവാല, ആവേശ് ഖാന്‍.

click me!