
ദുബായ്: ഐപിഎല്ലിന്‍റെ(IPL 2021) രണ്ടാം പാദത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ(Kolkata Knight Riders) ഭേദപ്പെട്ട പ്രകടനത്തിന് പിന്നില്‍ വെങ്കിടേഷ് അയ്യരെന്ന(Venkatesh Iyer) ഓപ്പണര്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറികളടക്കം 193 റണ്‍സുമായി തിളങ്ങിയ വെങ്കിടേഷ് അയ്യരുടെ ബാറ്റിംഗ് കരുത്തിലാണ് കൊല്‍ക്കത്ത പ്ലേ ഓഫ് സ്വപ്നം കാണുന്നത്.
കൊല്‍ക്കത്തയുടെ അപ്രതീക്ഷിത ഓപ്പണറായി എത്തി ബാറ്റിംഗ് വെടിക്കെട്ടിലൂടെ തിളങ്ങിയ അയ്യര്‍ മികച്ച മീഡിയം പേസ് ബൗളറുമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെയും മികച്ച രീതിയില്‍ പന്തെറിഞ്ഞ അയ്യര്‍ക്ക് 140ന് അടുത്ത് വേഗത്തില്‍ പന്തെറിയാനുമാവും. ഡല്‍ഹിക്കെതിരെ രണ്ട് വിക്കറ്റും അയ്യര്‍ വീഴ്ത്തിയിരുന്നു. കൊല്‍ക്കത്തക്കായി കളിച്ച അഞ്ച് കളികളില്‍ 193 റണ്‍സാണ് അയ്യര്‍ ഇത്തവണ അടിച്ചെടുത്തത്.
ടി20 ലോകകപ്പിനായി ഇന്ത്യ ടീമിലെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നിരാശപ്പെടുത്തുകയും ബൗള്‍ ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ വെങ്കിടേഷ് അയ്യരില്‍ ഇന്ത്യ തിരയുന്ന ഓള്‍ റൗണ്ടറെ കണ്ടെത്തിയെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പറയുന്നത്.
മികച്ച യോര്‍ക്കറുകളെറിയുന്ന അയ്യര്‍ സ്ലോഗ് ഓവറുകളില്‍ പോലും ബാറ്ററെ അടിച്ചു തകര്‍ക്കാന്‍ അനുവദിക്കാത്ത ബൗളറാണെന്നും ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ തന്‍റെ കോളത്തില്‍ ഗവാസ്കര്‍ വ്യക്തമാക്കി. വെങ്കിടേഷ് അയ്യരിലൂടെ കൊല്‍ക്കത്ത ഇന്ത്യക്ക് പ്രതീക്ഷവെക്കാവുന്ന ഒരു ഓള്‍ റൗണ്ടറെയാണ് സംഭാവന ചെയ്തിരിക്കുന്നത്. എക്സ്പ്രസ് വേഗമിലലെങ്കിലും മികച്ച യോര്‍ക്കറുകളിലൂടെ ബാറ്ററെ കുഴക്കാന്‍ അയ്യര്‍ക്കാവും.
Also Read: അവസാന ഓവര്‍ സിക്‌സുകള്‍ എന്നുമൊരു ഹരമായിരുന്നു; അപൂര്‍വ റെക്കോര്‍ഡിട്ട് ധോണി
ബാറ്ററെന്ന നിലയിലും അയ്യര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അദ്ദേഹത്തിന്‍റെ ഡ്രൈവുകളും പുള്‍ ഷോട്ടുകളും മനോഹരമാണ്. ഡല്‍ഹിക്കെതിരായ ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കൊല്‍ക്കത്തക്കായി. കടുത്ത പോരാട്ടത്തിനൊടുവില്‍ നേടിയ ജയം കൊല്‍ക്കത്തയുടെ മനോവീര്യം ഉയര്‍ത്തുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!