നന്നായി പന്തെറിയുന്നതിന് പിന്നില്‍ 'വല്ല്യേട്ടന്‍റെ' ഉപദേശം; അര്‍ഷ്‌ദീപ് പറയുന്നു

By Web TeamFirst Published Oct 4, 2021, 10:33 PM IST
Highlights

സീസണില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് അര്‍ഷ്‌ദീപ് സിംഗ്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങളിലൊരാളാണ് പഞ്ചാബ് കിംഗ്‌സ്(Punjab Kings) പേസര്‍ അര്‍ഷ്‌ദീപ് സിംഗ്(Arshdeep Singh). ഡെത്ത് ഓവറുകളില്‍ കട്ടറുകളും യോര്‍ക്കറുകളും കൊണ്ട് ബാറ്റ്സ്‌‌മാന്‍മാരെ കുഴപ്പിക്കുന്ന താരം 11 മത്സരങ്ങളില്‍ 16 വിക്കറ്റ് വീഴ്‌ത്തിക്കഴിഞ്ഞു. സീസണില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് അര്‍ഷ്‌ദീപ് സിംഗ്. 

എന്താണ് അര്‍ഷ്‌ദീപിന്‍റെ കൃത്യതയാര്‍ന്ന പ്രകടനത്തിന് പിന്നില്‍. സഹപേസര്‍ മുഹമ്മദ് ഷമിയുടെ നിര്‍ദേശമാണ് തന്നെ തുണയ്‌ക്കുന്നത് എന്ന് അര്‍ഷ്‌ദീപ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയില്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടം തുടങ്ങും മുമ്പ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ഷ്‌ദീപിന്‍റെ വാക്കുകള്‍. 

'ഡെത്ത് ഓവറുകളില്‍ പന്തെറിയുന്നത് ആസ്വദിക്കുന്നു. പരിശീലകന്‍ ജശ്വന്ത് റായ്‌ക്കൊപ്പം ഇതിനായി പരിശീലിച്ചിട്ടുണ്ട്. ന്യൂ ബോളില്‍ പിച്ചിന്‍റെ മറുവശത്ത് വച്ചിരിക്കുന്ന കോണില്‍ ഹിറ്റ് ചെയ്യാനാണ് ശ്രമിച്ചത്. മധ്യ ഓവറുകളില്‍ കട്ടറുകള്‍ ഉപയോഗിക്കുകയും യോര്‍ക്കറുകള്‍ വെച്ച് ഫിനിഷ് ചെയ്യുകയുമാണ് രീതി. ഷമി ടീമിലുള്ളത് വലിയ മുന്‍തൂക്കമാണ്. കാര്യങ്ങളെ ലളിതമായി കാണാനാണ് അദേഹം നിര്‍ദേശിച്ചത്. അത് ചെയ്യൂ, ഇത് ചെയ്യൂ എന്നാണ് എല്ലാവരും പറയാറ്. നിനക്ക് കഴിവുണ്ട്, സ്വയം പിന്തുണയ്‌ക്കുക മാത്രമാണ് ചെയ്യേണ്ടത്' എന്നും ഷമി പറഞ്ഞതായി അര്‍ഷ്‌ദീപ് വ്യക്തമാക്കി. 

ദ്രാവിഡ് തുണ

'രാഹുല്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ കംഫേര്‍ട്ടാണ്. കാരണം അണ്ടര്‍ 19 തലത്തില്‍ ദ്രാവിഡിനൊപ്പം പരിശീലിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കുമിടയില്‍ നല്ല ബന്ധമാണ്. അദേഹത്തില്‍ നിന്ന് എപ്പോഴും ടിപ്‌സ് സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ക്രിക്കറ്റിനെ കുറിച്ചുള്ള അദേഹത്തിന്‍റെ അറിവുകള്‍ അതിഗംഭീരമാണ്. താങ്കള്‍ നന്നായി പന്തെറിയുന്നു. നല്ല പ്രകടനം എല്ലാ മത്സരത്തിലും ആവര്‍ത്തിക്കുക. അതിനായി കഠിനാധ്വാനം ചെയ്യുക. മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്' എന്ന് ദ്രാവിഡ് പറഞ്ഞതായും അര്‍ഷ്‌ദീപ് കൂട്ടിച്ചേര്‍ത്തു. 

18 വിക്കറ്റ് നേടിയ മുഹമ്മദ് ഷമി മാത്രമാണ് പഞ്ചാബ് കിംഗ്‌സ് താരങ്ങളില്‍ അര്‍ഷ്‌ദീപിനേക്കാള്‍ മികച്ച പ്രകടനം സീസണില്‍ പുറത്തെടുത്തിട്ടുള്ളൂ. സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുമുണ്ട് 22കാരനായ അര്‍ഷ്‌ദീപ്. ഹര്‍ഷാല്‍ പട്ടേല്‍(26), അവേഷ് ഖാന്‍(22), മുഹമ്മദ് ഷമി(18), ജസ്‌പ്രീത് ബുമ്ര(17) എന്നിവരാണ് അര്‍ഷ്‌ദീപിന് മുന്നിലുള്ളത്. 

ഐപിഎല്ലില്‍ 2009ന് ശേഷം ഇതാദ്യം; നാണംകെട്ട് ധോണി

click me!