ഐപിഎല്‍ ത്രിശങ്കുവില്‍; ചെന്നൈ ക്യാമ്പിലും കൊവിഡ്, സിഇഒയും ബാലാജിയും പോസിറ്റീവ്

By Web TeamFirst Published May 3, 2021, 3:23 PM IST
Highlights

രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചതിന് തൊട്ടുപിന്നാലെയാണ് ഐപിഎല്‍ ത്രിശങ്കുവിലാക്കി പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. 

ദില്ലി: കൊവിഡ് വ്യാപനത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ കൂടുതല്‍ ആശങ്കയില്‍. രണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സിഇഒ ഉള്‍പ്പടെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍, ബൗളിംഗ് പരിശീലകന്‍ ലക്ഷ്‌മീപതി ബാലാജി, ഒരു ബസ് തൊഴിലാളി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്‌ച നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. ശനിയാഴ്‌ച മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈയുടെ ഡഗൗട്ടില്‍ ബാലാജിയുണ്ടായിരുന്നു. 

മലയാളി താരം സന്ദീപിനും വരുണ്‍ ചക്രവര്‍ത്തിക്കും കൊവിഡ്; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി

മൂവര്‍ക്കും ടീം ബയോ-ബബിളിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷനില്‍ 10 ദിവസം കഴിയേണ്ടിവരും. തിരിച്ച് ബബിളില്‍ പ്രവേശിക്കാന്‍ രണ്ട് നെഗറ്റീവ് റിസല്‍റ്റുകള്‍ വേണം. ചെന്നൈ സംഘത്തില്‍ താരങ്ങളുള്‍പ്പടെ മറ്റാര്‍ക്കും രോഗബാധയില്ല എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ദില്ലിയിലാണ് നിലവില്‍ ചെന്നൈ സ്‌ക്വാഡുള്ളത്. 

രണ്ട് കൊല്‍ക്കത്ത താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചതിന് തൊട്ടുപിന്നാലെയാണ് ഐപിഎല്‍ ത്രിശങ്കുവിലാക്കി ചെന്നൈ ക്യാമ്പിലെ വിവരങ്ങള്‍ പുറത്തുവന്നത്. കെകെആറില്‍ മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്‌പിന്നര്‍ വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗബാധ. കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ട് എന്നാണ് സൂചന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!