അവനാണ് തോല്‍പ്പിച്ചത്, ആ പ്രകടനത്തില്‍ സന്തോഷം മാത്രം; തോല്‍വിക്കിടയിലും ജഡ്ഡുവിനെ പുകഴ്ത്തി കോലി

By Web TeamFirst Published Apr 25, 2021, 8:45 PM IST
Highlights

28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത ജഡ്ഡു, മൂന്ന് നിര്‍ണായക വിക്കറ്റെടുക്കുകയും ഒരു റണ്ണൗട്ടില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്തു. മികച്ച ഫോമിലുള്ള എബി ഡിവില്ലിയേഴ്‌സ് (4), ഗ്ലെന്‍ മാക്‌സ്‌വെല്‍ (22) എന്നിവരെ ബൗള്‍ഡാക്കിയതും ജഡ്ഡു തന്നെ.

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസകൊണ്ട് മൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഐപിഎല്ലില്‍ ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ 69 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ചെന്നൈ നേടിയത്. 28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത ജഡ്ഡു, മൂന്ന് നിര്‍ണായക വിക്കറ്റെടുക്കുകയും ഒരു റണ്ണൗട്ടില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്തു. മികച്ച ഫോമിലുള്ള എബി ഡിവില്ലിയേഴ്‌സ് (4), ഗ്ലെന്‍ മാക്‌സ്‌വെല്‍ (22) എന്നിവരെ ബൗള്‍ഡാക്കിയതും ജഡ്ഡു തന്നെ. വാഷിംഗ്ടണ്‍ സുന്ദറിനെ (7)യും പുറത്താക്കിയ ജഡ്ഡു ഡാനിയേല്‍  ക്രിസ്റ്റ്യനെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയും ചെയ്തു. ജയത്തോടെ ചെന്നൈ എട്ട് പോയിന്റോടെ ഒന്നാമതെത്തി. 

മത്സരശേഷം സംസാരിച്ച കോലി ജഡേജയെ വാനോളം പുകഴ്ത്തി. ജഡേജ സമ്പൂര്‍ണമായി ഞങ്ങളെ പരാജപ്പെടുത്തിയെന്നാണ് കോലി മത്സരശേഷം അഭിപ്രായപ്പെട്ടത്. കോലിയുടെ വാക്കുകള്‍... ''ഞങ്ങള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ഒരാള്‍ പൂര്‍ണമായും ഞങ്ങളെ പരാജയപ്പെടുത്തി. അവന്റെ മിന്നുന്ന പ്രകടനം നിങ്ങളെല്ലാം കണ്ടുകാണും. മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റിലും അവന്‍ മികച്ചുനിന്നു. ഈ പ്രകടനം കാണുമ്പോള്‍ വളരെയധികം സന്തോഷം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി ഒരുമിക്കും. ടീമിലെ പ്രധാന ഓള്‍റൗണ്ടര് ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സന്തോഷമുള്ള കാഴ്ച്ചയാണ്. ജഡേജ ആത്മവിശ്വാസത്തോടെ കളിക്കുമ്പോള്‍ ആ ടീമിന് ഒരു സാധ്യതകള്‍ തുറക്കപ്പെടുകയാണ്.'' കോലി പറഞ്ഞു. 

അവസാന ഓവറില്‍ അഞ്ച് സിക്‌സുകള്‍ വഴങ്ങിയെങ്കിലും ഹര്‍ഷല്‍ പട്ടേലിനേയും കോലി പുകഴ്ത്തി. ''ഹര്‍ഷല്‍ നന്നായി പന്തെറിഞ്ഞു. ഞങ്ങളിപ്പോഴും അദ്ദേഹത്തെ പിന്തുണക്കുന്നു. നേരത്തെ സെറ്റ് ബാറ്റ്‌സ്മാന്മാരായ ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്‌ന എന്നിവരെ പുറത്താക്കി ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത് അവനാണ്. അതുകൊണ്ട് ഹര്‍ഷലിനെ കുറ്റപ്പെടുത്താനില്ല. തോല്‍വി അംഗീകരിക്കുന്നു.'' കോലി പറഞ്ഞുനിര്‍ത്തി.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. ജഡേജയ്ക്ക് പുറമെ ഫാഫ് ഡു പ്ലെസിസ് അര്‍ധ സെഞ്ചുറി നേടി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലുരിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനാണ് സാധിച്ചത്.

click me!