
ദില്ലി: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ നിരയില്‍ ഇന്നും പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇല്ല. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടീമില്‍ ഒരു മാറ്റം മാത്രമാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ വരുത്തിയത്. ട്രൈസ്റ്റന്‍ സ്റ്റബ്സിന് പകരം പേസര്‍ റിലെ മെറിഡിത്ത് ഇന്ന് മുംബൈ നിരയില്‍ അരങ്ങേറുന്നു.
മറുവശത്ത് ഡല്‍ഹി ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ഖലീല്‍ അഹമ്മദിന് പകരം യാഷ് ദുള്‍ ഡല്‍ഹിയുടെ ആദ്യ ഇലവനിലെത്തിയപ്പോള്‍ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ താരം റിലീ റോസോവിന് പകരം ബംഗ്ലാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. ഡല്‍ഹിയില്‍ ഇവിടെ 2019ന് ശേഷം നടന്ന 31 മത്സരങ്ങളിൽ 23ലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ്.
ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങുന്നത്. കളിച്ച മൂന്നിൽ മൂന്നിലും തോറ്റ ഡൽഹിയ്ക്ക് ഇനിയൊരു തോല്‍വി ചിന്തിക്കാന്‍ പോലുമാവില്ല. കളിച്ച രണ്ട് മത്സരങ്ങളും കൈവിട്ട മുംബൈയുടെയും സമാന അവസ്ഥയാണ്.
ക്യാപ്റ്റൻ രോഹിത് ശർമ്മ ഐപിഎല്ലിൽ ഒരു അർധസെഞ്ചുറി നേടിയിട്ട് 24 മത്സരങ്ങൾ പിന്നിട്ടുവെന്നത് മുംബൈയെ അലട്ടുന്നുണ്ട്. ഇരുപതിൽ താഴെയാണ് ഇതിനിടയിൽ ഹിറ്റ്മാന്‍റെ ബാറ്റിംഗ് ശരാശരി. വമ്പനടിക്കാരൻ സൂര്യകുമാർ യാദവിനും ഈ സീസണില്‍ ഇതുവരെ ഫോമിലെത്താനായിട്ടില്ല. ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ബാറ്റിംഗിലും ബൗളിംഗിലും താളം കണ്ടെത്തിയിട്ടില്ല. ഇഷാൻ കിഷൻ, തിലക് വർമ്മ, ടിം ഡേവിഡ് എന്നിവർ കൂടി ചേരുന്ന ബാറ്റിംഗ് നിര കടലാസിൽ കരുത്തരാണ്.
ബാറ്റിംഗ് നിര താളം കണ്ടെത്താത്തതാണ് ഡൽഹിക്ക് തിരിച്ചടിയാകുന്നത്. രണ്ട് മത്സരങ്ങളിൽ 150ലെത്താൻ പോലും ടീമിനായില്ല.വിവാഹത്തിനായി നാട്ടിലേക്ക് പോയത മിച്ചൽ മാർഷ് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ക്യാപ്റ്റൻ ഡേവിഡ് വാർണർ റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് മോശമാണ്.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, യാഷ് ദുൽ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, അഭിഷേക് പോറെൽ,കുൽദീപ് യാദവ്, ആൻറിച്ച് നോർക്യ, മുസ്തഫിസുർ റഹ്മാൻ
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, റിലേ മെറെഡിത്ത്, അർഷാദ് ഖാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!