മഴ മാറി, മൈതാനത്തെ കുളം മാറുന്നില്ല, ഫൈനല്‍ പുനരാരംഭിക്കാന്‍ വൈകും; പുതിയ അപ്ഡേറ്റ്

By Web TeamFirst Published May 29, 2023, 11:11 PM IST
Highlights

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് കലാശപ്പോര് പുനരാരംഭിക്കാന്‍ സമയമെടുക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സിഎസ്കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തുയായിരുന്നു. ഔട്ട്ഫീൽഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ ​ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞ് പരിശ്രമിക്കുകയാണ്. സ്റ്റേഡിയത്തില്‍ വീശിയടിച്ച കനത്ത കാറ്റ് പിച്ചും പരിസരവും പൂർണമായും മറയ്ക്കാന്‍ ഏറെ വിഷമമുണ്ടാക്കി. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് അടുത്ത പിച്ച് പരിശോധന നിശ്ചയിച്ചിരിക്കുന്നത്. 11.45ന് മത്സരം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓവറുകള്‍ ചുരുക്കും. 

ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഇന്നിംഗ്‌സിന്‍റെ ഇടവേളയില്‍ ചെറുതായി മഴ ചാറിയെങ്കിലും സിഎസ്‌കെ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനക്കുകയായിരുന്നു.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മൂന്നാമനായിറങ്ങി 47 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്‍റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ടൈറ്റന്‍സ് 214 എന്ന ഹിമാലയന്‍ സ്കോലെത്തി. ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സുമെടുത്തു. റാഷിദ് ഖാന്‍ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. സിഎസ്‌കെയ്‌ക്കായി മതീഷ പതിരാന രണ്ടും രവീന്ദ്ര ജഡേജയും ദീപക് ചാഹറും ഓരോ വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലിലെ അഞ്ചാം കിരീടം എം എസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സ്വന്തമാക്കണമെങ്കില്‍ 215 റണ്‍സ് വേണം. 

Read more: പിച്ച് മൂടാന്‍ പറ്റാത്തത്ര കാറ്റും മഴയും; വീണ്ടും വെള്ളത്തില്‍ മുങ്ങി ഐപിഎല്‍ ഫൈനല്‍

click me!