
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഫൈനലില്‍ ആരാധകരുടെ കണ്ണുകള്‍ റിസര്‍വ് ദിനത്തിലേക്ക് നീണ്ടിരിക്കുകയാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് കലാശപ്പോര് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റിസര്‍വ് ദിനമായ ഇന്ന് മത്സരം നടക്കുമ്പോള്‍ ആരാധകര്‍ ചില മത്സരനിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിന് ടോസ് വീഴേണ്ടത്. ഏഴരയ്‌ക്ക് മത്സരം ആരംഭിക്കും. ഇടവേളയും ടൈംഔട്ടും അടക്കും മൂന്ന് മണിക്കൂറും 20 മിനുറ്റുമാണ് സാധാരണയായി ഒരു ഐപിഎല്‍ മത്സരത്തിന്‍റെ ദൈര്‍ഘ്യം. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായാല്‍ റിസര്‍വ് ദിനമായ ഇന്ന് രണ്ട് മണിക്കൂര്‍ അധികം ലഭിക്കും. 9.40 ആണ് ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി. ഇതിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത് എങ്കില്‍ ഓവറുകള്‍ കുറയ്‌ക്കും. ഏറ്റവും കുറഞ്ഞത് അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനുള്ള സാധ്യതയും മാച്ച് റഫറിയും അംപയര്‍മാരും പരിശോധിക്കും. ഇതിനുള്ള കട്ട്‌ഓഫ് ടൈം രാത്രി 11.56 ആണ്. ഇങ്ങനെ കളി തുടങ്ങാന്‍ കഴിഞ്ഞാല്‍ 10 മിനുറ്റ് ഇടവേളയുണ്ടാവുമ്പോള്‍ ടീമുകള്‍ക്ക് ടൈംഔട്ട് കാണില്ല. എത്രത്തോളം നീട്ടിയാലും 12.50ഓട് കൂടി മത്സരം അവസാനിപ്പിക്കണം.
മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം 7.30ന് ആരംഭിക്കുകയും ആദ്യം ബാറ്റ് ചെയ്യുന്ന ടീം 20 ഓവറും പൂര്‍ത്തിയാക്കുകയും ചെയ്‌താല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് ഓവറിന് ശേഷം മഴയെത്തിയാല്‍, വീണ്ടും കളിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ പ്രഖ്യാപിക്കും. അഞ്ച് ഓവര്‍ വീതമുള്ള മത്സരം സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. 12.50 ആണ് സൂപ്പര്‍ ഓവര്‍ ആരംഭിക്കാനുള്ള അവസാന സമയം. ഇതിനും സാധ്യമായില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളായി പ്രഖ്യാപിക്കും.
Read more: ധോണി അടുത്ത ഐപിഎല്‍ സീസണിലും കളിക്കും; പറയുന്നത് 'തല'യോട് ഏറ്റവും അടുത്ത ആള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!