ഐപിഎല്‍ ഫൈനലിന് മഴ ഭീഷണി; കാത്തിരിക്കുന്നത് കനത്ത കാറ്റും കോളും, കളി കുളമാകുമോ എന്ന് ഭയം

By Web TeamFirst Published May 27, 2023, 10:27 PM IST
Highlights

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകിയിരുന്നു

അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനലിന് ഭീഷണിയുയര്‍ത്തി മഴ. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോര് മഴ കുളമാക്കുമോ എന്നതാണ് പുതിയ ഭയം. അഹമ്മദാബാദില്‍ ഞായറാഴ്ച വൈകിട്ട് മഴയ്‌ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നു. ഇതോടെ മത്സരം ആരംഭിക്കുന്നത് വൈകാനിടയുണ്ട്. 

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകിയിരുന്നു. അഹമ്മദാബാദില്‍ ടോസ് 45 മിനുറ്റാണ് വൈകിയത്. ടോസിട്ട് 15 മിനുറ്റ് കൊണ്ട് താരങ്ങള്‍ക്ക് മൈതാനത്ത് ഇറങ്ങേണ്ടിവന്നു. എട്ട് മണിക്ക് മാത്രമാണ് ഗുജറാത്ത്-മുംബൈ മത്സരം ആരംഭിക്കാനായത്. സമാനമായി ഫൈനലിനും മഴയുടെ ഭീഷണിയുണ്ട്. അഹമ്മദാബാദില്‍ ഞായറാഴ്‌ച വൈകിട്ട് മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. വൈകിട്ട് മഴയ്‌ക്ക് 40 ശതമാനം സാധ്യതയാണ് നഗരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനൊപ്പം കാറ്റും പ്രതീക്ഷിക്കുന്നു. മത്സരത്തിന് മുമ്പ് മഴ പെയ്‌താല്‍ ബാറ്റിംഗ് ആദ്യ ഓവറുകളില്‍ ദുഷ്‌ക്കരമായേക്കും. ഇത് ടോസ് നേടുന്ന ടീമിനെ ബാധിക്കാനിടയുണ്ട്. കളിക്ക് മുമ്പ് മഴ പെയ്താല്‍ മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് പിച്ച് മെച്ചപ്പെടാനാണ് സാധ്യത. 

അഹമ്മദാബാദില്‍ ഞായറാഴ്‌ച ഇന്ത്യന്‍സമയം വൈകിട്ട് 7.30നാണ് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുക. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും ആരാധകര്‍ക്ക് തല്‍സമയം കാണാം. പൊതുവേ ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ ചരിത്രം. എന്നാല്‍ ന്യൂബോളില്‍ പേസര്‍മാര്‍ക്ക് സ്വിങ് കിട്ടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇവിടുത്തെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 168 ഉം രണ്ടാം ഇന്നിംഗ്‌സിലേത് 155 ഉം ആണ്. രണ്ടാം ക്വാളിഫയറില്‍ 233 റണ്‍സ് അടിച്ചുകൂട്ടിയ ടൈറ്റന്‍സിന് തന്നെയായിരിക്കും മത്സരത്തിന് മുമ്പ് ആത്മവിശ്വാസം കൂടുതല്‍.

Read more: ഗില്ലാട്ടത്തിനുള്ള തട്ടകമോ, അതോ ബൗളിംഗ് പറുദീസയോ; അഹമ്മദാബാദ് പിച്ചില്‍ പ്രതീക്ഷിക്കേണ്ടത്

click me!