Latest Videos

മികച്ച തുടക്കവും മോശമല്ലാത്ത ഒടുക്കവും, തിളങ്ങി ഗെയ്‌ക്‌‌വാദ്; ചെന്നൈക്ക് 172 റണ്‍സ്

By Web TeamFirst Published May 23, 2023, 9:20 PM IST
Highlights

റുതുരാജ് ഗെയ്‌ക്‌വാദ് തുടക്കത്തിലെ കടന്നാക്രമിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സിഎസ്‌കെ പവര്‍പ്ലേയില്‍ 49-0 എന്ന മികച്ച സ്കോറിലെത്തിയിരുന്നു

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ഫൈനലിസ്റ്റാവാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 173 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെപ്പോക്കിലെ ആദ്യ ക്വാളിഫയറില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സ് എടുക്കുകയായിരുന്നു. ചെന്നൈക്കായി ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദ് 60 ഉം ദേവോണ്‍ കോണ്‍വേ 40 റണ്‍സ് നേടിയപ്പോള്‍ നായകന്‍ എം എസ് ധോണി 1 റണ്ണെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ(16 പന്തില്‍ 22) ഇന്നിംഗ്‌സിലെ അവസാന ബോളില്‍ മടങ്ങിയപ്പോള്‍ മൊയീന്‍ അലി(4 പന്തില്‍ 9*) പുറത്താവാതെ നിന്നു. ഷമിയും മോഹിതും രണ്ടും ദര്‍ശനും റാഷിദും നൂറും ഓരോ വിക്കറ്റും നേടി. 

റുതുരാജ് ഗെയ്‌ക്‌വാദ് തുടക്കത്തിലെ കടന്നാക്രമിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സിഎസ്‌കെ പവര്‍പ്ലേയില്‍ 49-0 എന്ന മികച്ച സ്കോറിലെത്തിയിരുന്നു. ഗെയ്‌ക്‌വാദ് 26 പന്തില്‍ 33* ഉം, കോണ്‍വേ 11 പന്തില്‍ 14* ഉം റണ്‍സുമായാണ് ഈസമയം ക്രീസില്‍ നിന്നത്. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ദര്‍ശന്‍ നാല്‍കാണ്ഡെ ഗെയ്‌ക്‌വാദിന്‍റെ വിക്കറ്റ് വീഴ്‌ത്തിയെങ്കിലും ബോള്‍ നോബോളായത് സിഎസ്‌കെയ്‌ക്ക് രക്ഷയായി. പത്താം ഓവറിലാണ് ഇരുവരുടേയും കൂട്ടുകെട്ട് പിരിഞ്ഞത്. 44 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം 60 റണ്‍സെടുത്ത റുതുവിനെ മോഹിത് ശര്‍മ്മ പുറത്താക്കുകയായിരുന്നു.

വൈകാതെ രണ്ടാം പ്രഹരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേരിട്ടു. മൂന്നാമനായി ക്രീസിലെത്തിയ കൂറ്റനടിക്കാരന്‍ ശിവം ദുബെ 3 പന്തില്‍ 1 റണ്ണുമായി നൂര്‍ അഹമ്മദിന് കീഴടങ്ങി. ഇതോടെ 14-ാം ഓവറില്‍ മാത്രമാണ് സിഎസ്‌കെയ്‌ക്ക് 100 കടക്കാനായത്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്ക് അജിങ്ക്യ രഹാനെ(10 പന്തില്‍ 17), ദേവോണ്‍ കോണ്‍വേ(34 പന്തില്‍ 40) എന്നിവരെ കൂടി പുറത്താക്കാന്‍ ടൈറ്റന്‍സ് ബൗളര്‍മാര്‍ക്കായി. റാഷിദ് ഖാനെ തുടര്‍ച്ചയായ സിക്‌സുകള്‍ക്ക് ശ്രമിച്ച് അമ്പാട്ടി റായുഡുവും(9 പന്തില്‍ 17) മടങ്ങുമ്പോള്‍ 18 ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സാണ് ചെന്നൈക്കുണ്ടായിരുന്നത്. 19-ാം ഓവറില്‍ ധോണിയെ(2 പന്തില്‍ 1) മോഹിത് ശര്‍മ്മ മടക്കി. ഇന്നിംഗ്‌സിലെ അവസാന ബോളില്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഷമി മടക്ക ടിക്കറ്റ് കൊടുത്തു. 

Read more: ധോണിയെ വെറുക്കുന്നവര്‍ പിശാചായിരിക്കണം! ഇതിഹാസ നായകനുമായുള്ള ബന്ധത്തെ കുറിച്ച് ഹാര്‍ദിക്

click me!