
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ സീസണില്‍ ആദ്യമായി സമ്മര്‍ദ്ദത്തിലാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത്. ഇന്ന് തോറ്റാല്‍ കിരീട പ്രതീക്ഷകള്‍ അവസാനിക്കുമെന്നതിനാല്‍ ടീമില്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ക്കാവും ഹാര്‍ദ്ദിക് മുതിരുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിച്ചെങ്കിലും സ്പിന്നിനെതിരെ പതറിയ ഷനകക്ക് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ലെന്നാണ് കരുതുന്നത്.
സായ് സുദര്‍ശനെയോ അഭിനവ് മനോഹറിനെയോ ഇന്ന് ഷനകക്ക് പകരം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടൈറ്റന്‍സ് തയാറായേക്കും. തകര്‍ത്തടിക്കാനുള്ള കഴിവും മുംബൈക്കെതിരെ മുമ്പ് തിളങ്ങിയതും കണക്കിലെടുക്കുമ്പോള്‍ അഭിനവ് മനോഹര്‍ പ്ലേയിംഗ് ഇലവനില്‍ എത്താനാണ് സാധ്യത കൂടുതല്‍. അതുപോലെ പേസ് നിരയിലും ഗുജറാത്ത് ഇന്ന് അഴിച്ചുപണി നടത്തുമെന്നാണ് സൂചന.
ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ കളിച്ച യുവ പേസര്‍ ദർശൻ നൽകണ്ടെക്ക് പകരം വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിനെയോ ഐറിഷ് പേസര്‍ ജോഷ്വാ ലിറ്റിലിനെയോ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ഇടം കൈയന്‍ പേസറാണെന്നതും ബൗളിംഗ് വൈവിധ്യവും കണക്കിലെടുത്ത് ജോഷ്വ ലിറ്റില്‍ പ്ലേയിംഗ് ഇലവനില്‍ എത്താനാണ് സാധ്യത.
മാറ്റം ഉറപ്പ്; വധേരക്ക് പകരം വിഷ്ണു വിനോദോ? ; ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ മുംബൈയുടെ സാധ്യതാ ഇലവന്‍
കളിയുടെ ഏത് ഘട്ടത്തിലും പന്തെറിയാനാവുമെന്നതും ലിറ്റിലിന് അനുകൂല ഘടകമാണ്. ലീഗ് ഘട്ടത്തില്‍ തിളങ്ങിയശേഷം അയര്‍ലന്‍ഡിനായി കളിക്കാന്‍ പോയതിനാല്‍ ലിറ്റിലിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഗുജറാത്തിനായി കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയ ലിറ്റിലിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഇംപാക്ട് പ്ലേയറായി വിജയ് ശങ്കര്‍, മോഹിത് ശര്‍മ എന്നിവരെയാകും ഗുജറാത്ത് പരിഗണിക്കുക. സന്തുലിതമായ ടീമില്‍ മറ്റ് അഴിച്ചു പണികള്‍ക്കൊന്നും ഹാര്‍ദ്ദിക് പാണ്ഡ്യയും ആശിഷ് നെഹ്റയും തയാറായേക്കില്ല.
മുംബൈക്കെതിരെ ഗുജറാത്തിന്‍റെ സാധ്യതാ ഇലവന്‍: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, ജോഷ് ലിറ്റിൽ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, മോഹിത് ശർമ്മ.
ഇംപാക്ട് താരങ്ങള്‍: അഭിനവ് മനോഹർ, ബി സായ് സുദർശൻ, ആർ സായി കിഷോർ, ശിവം മാവി, ദർശൻ നൽകണ്ടെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!