
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മോശം തുടക്കം. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സോടെ ക്യാപ്റ്റന്‍ നിതീഷ് റാണയും 16 റണ്‍സുമായി വെങ്കടേഷ് അയ്യരും ക്രീസില്‍. മന്‍ദീപ് സിംഗ്, റഹ്മാനുള്ള ഗുര്‍ബാസ്, അനുകൂല്‍ റോയ് എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് രണ്ടും നേഥന്‍ എല്ലിസ് ഒരു വിക്കറ്റുമെടുത്തു.
അര്‍ഷ്ദീപിന്‍റെ ഇരട്ടപ്രഹരത്തില്‍ തലതകര്‍ന്ന് കൊല്‍ക്കത്ത
സാം കറന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 13 റണ്‍സടിച്ച് തുടങ്ങിയ കൊല്‍ക്കത്തക്ക് പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷ്ദീപ് സിംഗ് മന്‍ദീപ് സിംഗിനെ(2) മടക്കി. അതേ ഓവറിലെ അവസാന പന്തില്‍ അനുകൂല്‍ റോയിയെും(4) വീഴ്ത്തി അര്‍ഷ്ദീപ് സിംഗ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ കൊല്‍ക്കത്ത ഞെട്ടി.തകര്‍ത്തടിച്ച് പ്രതീക്ഷ നല്‍കിയ ഗുര്‍ബാസിനെ അഞ്ചാം ഓവറില്‍ നേഥന്‍ എല്ലിസ് ബൗള്‍ഡാക്കി. 16 പന്തില്‍ 22 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സടിച്ച വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്തയെ 46 റണ്‍സിലെത്തിച്ചത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഭാനുക രാജപക്സെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 32 പന്തില്‍ 50 റണ്‍സെടുത്ത രാജപക്സെയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. പവര്‍ പ്ലേയില്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്ത പഞ്ചാബ് 10 ഓവറില്‍ 100 റണ്‍സിലെത്തി. രാജപക്സെ മിന്നലടികളുമായി കളം നിറഞ്ഞപ്പോള്‍ ധവാന്‍ മികച്ച കൂട്ടായി. ഇരുവരും രണ്ടാം വിക്കറ്റില്‍ 86 റണ്‍സടിച്ചു.
29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാജപക്സെ വീണതിന് പിന്നാലെ എത്തിയ ജിതേഷ് ശര്‍മയും മോശമാക്കിയില്ല. 11 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി 21 റണ്‍സെടുത്ത ജിതേഷിനെ ഉമേഷിന്‍റെ കൈകളിലെത്തിച്ച സൗത്തി പഞ്ചാബിന് കടിഞ്ഞാണിട്ടു, പിന്നാലെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ(29 പന്തില്‍ 40) വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി. 10 ഓവറില്‍ 100 കടന്ന പഞ്ചാബ് പതിനാറാം ഓവറിലാണ് 150 കടന്നത്. അവസാന നാലോവറില്‍ സിക്കന്ദര്‍ റാസയും(16) സാം കറനും(17 പന്തില്‍ 26*), ഷാരൂഖ് ഖാനും(7 പന്തില്‍ 11*) ആഞ്ഞടിച്ചതോടെ ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് കരുതിയ പഞ്ചാബ് 191ല്‍ എത്തി. അവസാന നാലോവറില്‍ 38 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!