Latest Videos

റണ്‍മെഷീന്‍ ശുഭ്‌മാന്‍ ഗില്‍ അല്ല; ടൈറ്റന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിശ്വസ്‌ത താരം മറ്റൊരാള്‍!

By Web TeamFirst Published May 27, 2023, 4:02 PM IST
Highlights

ഐപിഎല്‍ പതിനാറാം സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തന്നെ മുഹമ്മദ് ഷമിക്ക് പിന്നിലായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബൗളറാണ് റാഷിദ് ഖാന്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലില്‍ കടന്നിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ എഡിഷനില്‍ അരങ്ങേറിയപ്പോള്‍ തന്നെ കിരീടം നേടിയത് ടൈറ്റന്‍സിന്‍റെ കരുത്ത് വ്യക്തമാക്കുന്നുണ്ട്. ഐപിഎല്‍ 2023ല്‍ മൂന്ന് സെഞ്ചുറികളും 800ലേറെ റണ്‍സുമായി ടൈറ്റന്‍സിന്‍റെ ബാറ്റിംഗ് നെടുംതൂണ്‍ അവരുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലാണ്. എന്നാല്‍ ഗില്ലിനേക്കാള്‍ ക്യാപ്റ്റന്‍ പാണ്ഡ്യ ആശ്രയിക്കുന്ന മറ്റൊരു താരമുണ്ട് ഗുജറാത്ത് ടൈറ്റന്‍സില്‍. അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനാണത്. 

ഐപിഎല്‍ പതിനാറാം സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തന്നെ മുഹമ്മദ് ഷമിക്ക് പിന്നിലായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബൗളറാണ് റാഷിദ് ഖാന്‍. 16 മത്സരം വീതം കളിച്ച ഷമിക്ക് 28 ഉം റാഷിദിന് 27 ഉം വിക്കറ്റുകള്‍ വീതമാണ് സീസണിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഫൈനല്‍ ഇവരിലാര്‍ക്കാണ് പര്‍പ്പിള്‍ ക്യാപ്പ് എന്ന് തീരുമാനിക്കും. ബൗളിംഗിനൊപ്പം റാഷിദിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മികവും സീസണില്‍ കണ്ടു. ഫീല്‍ഡിംഗിലും വിശ്വസിക്കാനാവുന്ന താരമാണ് റാഷിദ് ഖാന്‍. റാഷിദിനെ കുറിച്ച് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറയുന്നത് ഇങ്ങനെ. 

'റാഷിദ് ഖാനെ കുറിച്ച് നമ്മള്‍ ഏറെ സംസാരിച്ചുകഴി‌ഞ്ഞു. ടീം ഏറ്റവും പ്രതിസന്ധിയിലാവുന്ന ഘട്ടത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കാന്‍ പറ്റുന്ന താരമാണ് അദേഹം' എന്നുമാണ് മുംബൈ ഇന്ത്യന്‍സിന് എതിരായ ക്വാളിഫയര്‍-2 മത്സരത്തിന് ശേഷം പാണ്ഡ്യയുടെ വാക്കുകള്‍. മത്സരത്തില്‍ സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസിക്കാനും ടൈറ്റന്‍സ് നായകന്‍ മടികാണിച്ചില്ല. 'ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണ് ഇന്ന് കണ്ടത്. അദേഹം രാജ്യാന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും സൂപ്പര്‍ സ്റ്റാറാണ്. ഒരിക്കല്‍ പോലും ഇന്നിംഗ്‌സിനിടെ ഗില്‍ പാടുപെടുന്നത് കണ്ടില്ല' എന്നും ഹാര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. ഈ സീസണിലെ 16 ഇന്നിംഗ്‌സുകളില്‍ മൂന്ന് ശതകങ്ങളോടെ 851 റണ്‍സുമായി ഓറഞ്ച് ക്യാപ് ഇതിനകം ഗില്‍ ഉറപ്പിച്ചിട്ടുണ്ട്. 

മുംബൈ ഇന്ത്യന്‍സിന് എതിരായ രണ്ടാം ക്വാളിഫയറില്‍ 62 റണ്‍സിന്‍റെ ജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. ടൈറ്റന്‍സ് മുന്നോട്ടുവെച്ച 234 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18.2 ഓവറില്‍ 171 റണ്‍സില്‍ എല്ലാവരും പുറത്തായി. തിലകിന് പുറമെ കാമറൂണ്‍ ഗ്രീനും(20 പന്തില്‍ 30), സൂര്യകുമാര്‍ യാദവും(38 പന്തില്‍ 61) മാത്രമേ മുംബൈക്കായി പൊരുതിയുള്ളൂ. ബാറ്റിംഗില്‍ 60 പന്തില്‍ 129 റണ്‍സുമായി ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ 2.2 ഓവറില്‍ 10 റണ്‍സിന് 5 വിക്കറ്റുമായി മോഹിത് ശർമ്മയും ടൈറ്റന്‍സിന്‍റെ വിജയശില്‍പികളായി. മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വീതവും ജോഷ്വ ലിറ്റില്‍ ഒരു വിക്കറ്റും നേടി.

Read more: സ്‌കൈയും ഗ്രീനുമല്ല, മുംബൈ നിരയില്‍ ഏറ്റവും പ്രശംസ അര്‍ഹിക്കുന്നത് ഒരു യുവതാരം: ബ്രാഡ് ഹോഗ്

click me!