
ധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ അവശേഷിക്കുന്ന നേരിയ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുകയാണ്. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍. ഹിമാചല്‍പ്രദേശിലെ മനോഹരമായ മലനിരകള്‍ക്കിടയിലുള്ള ധരംശാലയിലാണ് ആവേശപ്പോരാട്ടം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ എല്ലാ പ്രതീക്ഷയും മഴ കവരുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.
മത്സരം മഴ കൊണ്ടുപോവുമോ എന്ന യാതൊരു ആശങ്കയും ആരാധകര്‍ക്ക് വേണ്ട എന്നാണ് ധരംശാലയില്‍ നിന്നുള്ള കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകല്‍ 33 ഡിഗ്രിയും രാത്രിയാകുന്നതോടെ 22 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും ധരംശാലയിലെ താപനില. പകല്‍ 9 ഉം രാത്രി രണ്ടും ശതമാനം മാത്രമേ മഴയ്‌ക്ക് സാധ്യത ഇവിടെ പ്രവചിക്കപ്പെട്ടിട്ടുള്ളൂ. അതിനാല്‍ തന്നെ മത്സരം മഴ തടസപ്പെടുത്താനുള്ള സാധ്യതകളൊന്നും കാണുന്നില്ല. പകല്‍ 33 ശതമാനവും രാത്രി 41 ശതമാനവുമായിരിക്കും ധരംശാലയിലെ അന്തരീക്ഷ ഈര്‍പ്പം.
11 രാജ്യാന്തര ട്വന്‍റി 20കള്‍ക്കാണ് ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം ഇതുവരെ വേദിയായത്. കുറഞ്ഞ സ്കോറുകള്‍ പിറക്കുന്ന മൈതാനമാണിത്. ഇവിടുത്തെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 137 ഉം രണ്ടാം ഇന്നിംഗ്‌സിലേത് 128 ഉം ആണ്. ആദ്യം ബാറ്റ് ചെയ്‌തവര്‍ നാലും രണ്ടാമത് ബാറ്റ് വീശിയവര്‍ ആറും മത്സരങ്ങളില്‍ വിജയിച്ചു. ഇന്ത്യയുടെ 199-5 എന്ന സ്കോര്‍ പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക(200-3) ജയിച്ചതാണ് ഇവിടുത്തെ ഏറ്റവും വലിയ സ്കോര്‍. ധരംശാലയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം ആരംഭിക്കുക. നേരിയ പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ പഞ്ചാബിനും വിജയം അനിവാര്യമാണ്.
Read more: സഞ്ജുവിന്‍റെ പ്രശ്‌നമത്, മാറ്റാതെ വഴിയില്ല; ജീവന്‍മരണ പോരിന് മുമ്പ് ആകാശ് ചോപ്ര
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!