
ജയ്‌പൂര്‍: ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയല്‍സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് നേർക്കുനേർ. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്പൂരിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞമാസം അഹമ്മദാബാദിൽ ഏറ്റുമുട്ടിയപ്പോൾ ജയം രാജസ്ഥാനൊപ്പമായിരുന്നു.
ഗുജറാത്തിന്‍റെ 177 റൺസ് നാല് പന്ത് ശേഷിക്കേ ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ മറികടന്നത്. ഈ തോൽവിക്ക് രാജസ്ഥാന്‍റെ മൈതാനത്ത് പകരംവീട്ടുകയാണ് ഗുജറാത്തിന്‍റെ ലക്ഷ്യം. ഡൽഹിയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും പോയന്‍റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായതിനാൽ ഗുജറാത്തിന് കാര്യമായ ആശങ്കകളില്ല. ശുഭ്മാൻ ഗിൽ നയിക്കുന്ന അതിശക്തമായ ബാറ്റിംഗ് നിരയ്ക്കൊപ്പം മുഹമ്മദ് ഷമി, റാഷിദ് ഖാൻ കൂട്ടുകെട്ടിന്‍റെ ഇരുതല മൂർച്ചയുള്ള ബൗളിംഗ് മികവ് ഗുജറാത്തിനെ കൂടുതൽ അപകടകാരികളാക്കുന്നു.
യശസ്വി ജയ്സ്വാൾ തകർപ്പൻ ഫോമിലാണെങ്കിലും ജോസ് ബട്‍ലറിന്‍റെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെയും സ്ഥിരതയില്ലായ്മ രാജസ്ഥാന് തിരിച്ചടിയാവുന്നു. അശ്വിൻ-ചാഹൽ കൂട്ടുകെട്ടിനൊപ്പം ട്രെന്‍റ് ബോൾട്ട് പരിക്ക് മാറിയെത്തിയാൽ ബൗളിംഗ് നിരയിൽ സഞ്ജുവിന് ഏറെ ആശങ്കപ്പെടേണ്ടിവരില്ല. മുംബൈക്കെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയിട്ടും ടിം ഡേവിഡിന്‍റെ ആറാട്ടില്‍ ജയം കൈവിട്ടതിന്‍റെ നിരാശ രാജസ്ഥാനുണ്ട്. ജേസണ്‍ ഹോള്‍ഡറുടെ മങ്ങിയ ഫോമും രാജസ്ഥാന് തിരിച്ചടിയാണ്.
ഇന്ന് ഹോള്‍ഡര്‍ക്ക് പകരം സ്പിന്നര്‍ ആദം സാംപ രാജസ്ഥാന്‍ ഇലവനില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല.യുസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടതാണ് മുംബൈക്കെതിരായ മത്സരത്തില്‍ രാജസ്ഥാന് തിരിച്ചടിയായത്. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനാവാഞ്ഞതും തോല്‍വിക്ക് കാരണമായി. ശരാശരി 200 റൺസ് പ്രതീക്ഷിക്കാവുന്ന വിക്കറ്റാണ് ജയ്പൂരിലേത്. ഇരുടീമും ഇതുവരെ നാല് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിൽ ഗുജറാത്തും ഒന്നിൽ രാജസ്ഥാനും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!