
ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 198 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു. 56 പന്തില്‍ 86 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. പ്രഭ്‌സിമ്രാൻ സിംഗ് 34 പന്തില്‍ 60 റണ്‍സടിച്ചു. രാജസ്ഥാനുവേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
പവര്‍പ്ലേ പവറാക്കി പ്രഭ്‌സിമ്രാൻ
ട്രെന്‍റ് ബോള്‍ട്ട എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത പഞ്ചാബ് മലയാളി താരം കെ എം ആസിഫ് എറിഞ്ഞ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് ടോപ് ഗിയറിലായി. ആസിഫിനെ സിക്സിന് പറത്തിയ പ്രഭ്‌സിമ്രാൻ സിംഗ് ആണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സടിച്ച ശിഖര്‍ ധവാനും പവര്‍ പ്ലേ പവറാക്കാന്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെ കൂടെ ചേര്‍ന്നപ്പോള്‍ പഞ്ചാബ് സ്കോര്‍ കുതിച്ചു. ആസിഫ് എറിഞ്ഞ പവര്‍ പ്ലേയിലെ നാലാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം 19 റണ്‍സടിച്ചതോടെ പഞ്ചാബ് 4.3 ഓവറില്‍ തന്നെ 50 കടന്നു.
28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പ്രഭ്‌സിമ്രാന്‍റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ അഞ്ചോവറില്‍ 50 കടന്ന പഞ്ചാബ് 100 കടന്നത് പതിനൊന്നാം ഓവറിലാണ്. പത്താം ഓവറില്‍ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ പ്രഭ്‌സിമ്രാനെ(34 പന്തില്‍ 60) ജോസ് ബട്‌ലര്‍ പറന്നുപിടിച്ചതിന് പിന്നാലെ പകരമെത്തിയ ഭാനുക രജപക്സെ ശിഖര്‍ ധവാന്‍റെ ഷോട്ട് കൈയില്‍ കൊണ്ട് പരിക്കേറ്റ് മടങ്ങിയതോടെ സ്കോറിംഗ് വേഗം കുറഞ്ഞ പഞ്ചാബ് ജിതേഷ് ശര്‍മ ക്രീസിലെത്തിയതോടെ വീണ്ടും തകര്‍ത്തടിച്ചു.
അവസാനം ആളിക്കത്തി ധവാന്‍
തുടക്കത്തില്‍ പതുങ്ങി കളിച്ച ക്യാപ്റ്റന്‍ ശിഖര്‍ ധവാനും അടി തുടങ്ങിയതോടെ പഞ്ചാബ് ഓവറില്‍ പത്ത് റണ്‍സ് ശരാശരിയില്‍ സ്കോറിംഗ് വേഗം കൂട്ടി. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ 18 റണ്‍സടിച്ചാണ് പഞ്ചാബ് വീണ്ടും ടോപ് ഗിയറിലായത്. 36 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ധവാന്‍ ഐപിഎല്ലിലെ 50ാം അര്‍ധസെഞ്ചുറിയാണ് കുറിച്ചത്. പഞ്ചാബ് നായകനെന്ന നിലയില്‍ ധവാന്‍റെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. പതിനഞ്ചാം ഓവറില്‍ പഞ്ചാബ് 150 കടന്നു. 16ാം ഓവറില്‍ ഡിതേഷ് ശര്‍മയെ(16 പന്തില്‍ 27) ജിതേഷ് ശര്‍മയും 17ാം ഓവറില്‍ സിക്കന്ദര്‍ റാസയെ(1) അശ്വിനും മടക്കിയതോടെ രണ്ടോവറില്‍ 13 റണ്‍സ് മാത്രം നേടാനായ പഞ്ചാബ് 200 കടക്കില്ലെന്ന് കരുതിയെങ്കിലും ഹോള്‍ഡര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 9 റണ്‍സടിച്ച പഞ്ചാബ് കെ എം ആസിഫ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സടിച്ച് അവസാനം ആഞ്ഞടിച്ച്ചു. അവസാന ഓവറില്‍ ഹോള്‍ഡര്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഷാരൂഖ് ഖാനെ(11) വീഴ്ത്തിതോടെ പഞ്ചാബ് ടോട്ടല്‍ 200 തൊട്ടില്ല. ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തിയാണ് ധവാന്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നത്.
ശരാജസ്ഥാനായി ഹോള്‍ഡര്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ നാലോവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റെടുത്തു. മലയാളി പേസര്‍ കെ എം ആസിഫ് നാലോവറില്‍ 54 റണ്‍സ് വഴങ്ങിയപ്പോള്‍ ചാഹല്‍ നാലോവറില്‍ 50 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ട്രെന്‍റ് ബോള്‍ട്ട് നാലോവറില്‍ 38 റണ്‍സ് വഴങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!