Latest Videos

മഴ പണി തരുന്ന എല്ലാ ലക്ഷണവും മാനത്ത്; ആര്‍സിബിയുടെ മത്സരം മുടങ്ങാനിട

By Web TeamFirst Published May 21, 2023, 6:27 PM IST
Highlights

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഇതിന് സാധിക്കുമോ എന്ന് കണ്ടറിയണം. 

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മത്സരം മഴ ഭീഷണിയില്‍ തുടരുന്നു. ശക്തമായ കാറ്റിനും ആലിപ്പഴം വീഴ്‌ച്ചയ്‌ക്കും മഴയ്‌ക്കും ഒടുവില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ശുഭവാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മത്സരത്തിന് ഒരു മണിക്കൂര്‍ മാത്രം അവശേഷിക്കേ ചിന്നസ്വാമിയും പരിസരങ്ങളിലും മഴ നിന്നിട്ടുണ്ട്. എന്നാല്‍ മത്സരം 20 ഓവര്‍ വീതമുള്ള ഇന്നിംഗ്‌സുകളായി നടക്കാനുള്ള സാധ്യതകളൊന്നും കാലാവസ്ഥാ പ്രവചനത്തില്‍ കാണുന്നില്ല. മത്സരം നടന്നാല്‍ തന്നെ ഉപേക്ഷിക്കപ്പെടാനാണ് സാധ്യത കൂടുതല്‍. 

കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനം പ്രകാരം ആറ് മണി മുതല്‍ രാത്രി 11 മണി വരെയും ബെംഗളൂരുവില്‍ മഴയ്‌ക്ക് സാധ്യതയുണ്ട്. ആറ് മണിക്ക് 43 ശതമാനവും ഏഴിന് 65 ഉം എട്ടിന് 49 ഉം ഒന്‍പതിന് 65 ഉം പത്തിന് 40 ഉം പതിനൊന്നിന് 34 ഉം ശതമാനം മഴയ്‌ക്കാണ് ബെംഗളൂരുവില്‍ സാധ്യത എന്നാണ് അക്വൂ വെതര്‍ പ്രവചിച്ചിരിക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരമാണെങ്കില്‍ ഏഴ് മണിക്കാണ് ചിന്നസ്വാമിയില്‍ ടോസ് വീഴേണ്ടത്. ഏഴരയ്‌ക്ക് മത്സരം ആരംഭിക്കണം. ഇതിന് സാധിക്കുമോ എന്ന് കണ്ടറിയണം. നേരത്തെ പെയ്‌ത മഴയില്‍ ചിന്നസ്വാമിയില്‍ ഔട്ട്ഫീല്‍ഡ് പൂര്‍ണമായും കുതിര്‍ന്നിരുന്നു. 

കനത്ത മഴ മൂലം ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. ഇന്‍റേര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇരു ടീമുകളുടേയും പരിശീലനം. ആറ് മണിയോടെ മഴ തുടങ്ങുമെന്നായിരുന്നു പ്രവചനം. എന്നാല്‍ നേരത്തെ മഴയെത്തി. ഇതോടെ പരിശീലനം മുടങ്ങുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് വാംഖഡെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ 16 പോയിന്‍റോടെ മുംബൈ പ്ലേ ഓഫ് കളിക്കും. മത്സരം മഴ മുടക്കിയാല്‍ ആര്‍സിബി പ്ലേ ഓഫിലെത്താന്‍ മുംബൈ ഇന്ന് തോറ്റേ പറ്റൂ. മുംബൈ പരാജയപ്പെട്ടാല്‍ രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റേയും പോയിന്‍റ് 14ല്‍ ഒതുങ്ങുകയും 15 പോയിന്‍റുമായി ആര്‍സിബി അവസാന നാലിലെത്തുകയും ചെയ്യും.

Read more: 14-ാം വയസില്‍ പിതാവിനെ നഷ്‌ടം, ഐപിഎല്‍ അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ്; ആരാണ് വിവ്രാന്ത് ശര്‍മ്മ?

click me!