
ഹൈദരാബാദ്: ഒരു കൊച്ചരുവിയുടെ ശാന്തതയോടെ, താളത്തോടെ ബാറ്റില്‍ നിന്ന് ഒഴുകുന്ന ഷോട്ടുകള്‍. സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് കണ്ടാല്‍ ആരും മനംമയങ്ങിപ്പോവുന്നത് ഇതുകൊണ്ടാണ്. എത്ര എഫർട്‌ലസായാണ് അയാള്‍ കളിക്കുന്നത്. പേസിനൊപ്പം സ്‌പിന്നര്‍മാരെയും അനായാസം കളിച്ച് തകര്‍ക്കുകയായിരുന്നു ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അനായാസ ഷോട്ടുകളുമായി അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിനെ ആരാധകര്‍ പ്രശംസകൊണ്ട് പുകഴ്‌ത്തുമ്പോള്‍ കായിക എഴുത്തുകാരന്‍ സംഗീത് ശേഖറിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയം.
സംഗീത് ശേഖര്‍ എഴുതുന്നു...
'ബൗളർക്ക് ആനുകൂല്യം ഒന്നുമില്ലാത്ത ബാറ്റിംഗ് ട്രാക്കിൽ ജോസ് ബട്‌ലറും യശസ്വി ജയ്സ്വാളും നൽകിയ സോളിഡ് പ്ലാറ്റ് ഫോം, ഇൻ കംസ് സഞ്ജു സാംസൺ. മൊമെന്‍റെ ബ്രേക്ക് ചെയ്യാതെ ഫ്ലൂവന്‍റ് ആയി സ്ട്രോക്കുകൾ വരുന്നു. ഉമ്രാൻ മാലിക്കിന്‍റെ പേസ് മനോഹരമായി ഉപയോഗിച്ച് നേടുന്ന ബൗണ്ടറികൾ. ആദിൽ റഷീദ്, സഞ്ജുവിനെ സ്ട്രൈക്കിൽ വരുത്താനാണ് ആഗ്രഹിച്ചതെങ്കിലും സഞ്ജുവിന് സമ്മർദ്ദം ഒന്നുമില്ല. സഞ്ജുവിന്‍റെ സ്റ്റെപ് ഔട്ട് ചെയ്തുള്ള സിക്‌സറുകൾ ഒഴിവാക്കാൻ റഷീദ് പന്ത് അല്‍പം ഷോർട്ട് ആയി പിച്ച് ചെയ്യുമ്പോൾ നിമിഷനേരം കൊണ്ട് ബാക്ക് ഫുട്ടിലേക്കിറങ്ങി മിഡ് വിക്കറ്റിന് മുകളിലൂടെ പന്തിനെ പറത്തുന്നു. തന്‍റെ അവസാന ഓവറിൽ റഷിദ് പന്ത് ഫുൾ ആയി പിച്ച് ചെയ്യുമ്പോൾ ലോങ്ങ് ഓഫിനു മുകളിലൂടെ ഒരു തകർപ്പൻ സിക്‌സറാണ് മറുപടി. ഉമ്രാന്‍റെയൊരു വെൽ ഡയറക്ടഡ് ഷോർട്ട് പിച്ച് പന്ത് മനോഹരമായി ബാക്ക് ഒന്ന് പുറകിലേക്ക് വളച്ച ശേഷം കീപ്പറുടെ തലക്ക് മുകളിലൂടെ അപ്പർ കട്ട് ചെയ്‌ത് വിടുന്നത് സഞ്ജു സാംസണെന്ന ബാറ്റ്‌സ്‌മാന്‍റെ ഇൻസ്റ്റന്‍റ് ഡിസിഷൻ മേക്കിങ്ങ് എബിലിറ്റിയും ക്ലാസുമാണ് വ്യക്തമാക്കിയത്. ഇത്തവണ കൂടുതൽ മച്വേഡ് ആയി കാണപ്പെടുന്ന സഞ്ജുവിന്‍റെ എഫർട്‌ലസ് സ്‌ട്രോക് പ്ലെ ഒരിക്കൽകൂടെ കാണികളെ ആനന്ദിപ്പിക്കുന്ന കാഴ്ച'.
സഞ്ജു തുടങ്ങി...
ഹൈദരാബാദിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റേയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 203 റണ്‍സെടുത്തു. ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ യശസ്വി 37 പന്തില്‍ 54ഉം സഞ്ജു 32 പന്തില്‍ 55 റണ്‍സും അടിച്ചു. പുറത്താകാതെ 16 പന്തില്‍ 22* എടുത്ത ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ അവസാന ഓവറുകളില്‍ നിര്‍ണായകമായി. ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ തുടക്കത്തിലെ ആഞ്ഞടിച്ച ബട്‌ലര്‍-യശസ്വി വെടിക്കെട്ട് തുടരുകയായിരുന്നു സഞ്ജു സാംസണ്‍. ഹൈദരാബാദിനായി ഫസല്‍ഹഖ് ഫാറൂഖിയും ടി നടരാജനും രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ലക്ഷക്കണക്കിന് ആരാധകഹൃദയങ്ങള്‍ കീഴടക്കി സഞ്ജുവിന്‍റെ ബാറ്റിംഗ്; പ്രശംസാപ്രവാഹം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!