ഐപിഎല്ലിനെ വെല്ലാനൊരു ലീഗില്ല, മത്സരങ്ങളുടെ എണ്ണം ഉയര്‍ന്നേക്കും; സന്തോഷ വാര്‍ത്തകളുമായി അരുണ്‍ ധുമാല്‍

By Web TeamFirst Published Jun 1, 2023, 4:57 PM IST
Highlights

ഐപിഎല്ലിനൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡുകള്‍ക്ക് നേരത്തെ തന്നെ ട്വന്‍റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റുണ്ടായിരുന്നു

മുംബൈ: ക്രിക്കറ്റ് ലോകത്തെ മിക്ക രാജ്യങ്ങളും ട്വന്‍റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ആരംഭിക്കുന്നതില്‍ സന്തോഷമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. എന്നാല്‍ മറ്റൊരു ലീഗും ഐപിഎല്ലിനോട് കിടപിടിക്കുന്നതല്ല എന്നും മറ്റൊരു ഫ്രാഞ്ചൈസി ക്രിക്കറ്റുമായും കിടമത്സരം ഇല്ലെന്നും അദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. 

'ആരെയും ഞങ്ങള്‍ മത്സരാര്‍ഥികളായി കാണുന്നില്ല. മറ്റേത് ട്വന്‍റി 20 ലീഗും ഐപിഎല്ലിനൊപ്പം വരില്ല. എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും ട്വന്‍റി 20 ലീഗുകള്‍ ആരംഭിക്കുന്നതിന് ആശംസകള്‍ നേരുന്നു. എങ്കിലും ഒരു ലീഗും ഐപിഎല്ലിന് വെല്ലുവിളിയാണ് എന്ന് കരുതുന്നില്ല. ഐപിഎല്ലിന്‍റേത് വിസ്‌മയാവഹമായ വിജയമാണ്. ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടെലിവിഷനിലും ഡിജിറ്റലിലും ആരാധകപിന്തുണ ഏറുന്നു. സ്റ്റേഡിയങ്ങളിലും ആരാധകരുടെ വലിയ പിന്തുണ കിട്ടി. കൂടുതല്‍ മത്സരങ്ങള്‍ അവസാന ഓവര്‍ ത്രില്ലറിലേക്ക് നീങ്ങിയത് ഐപിഎല്‍ ആവേശമാക്കി. വരും സീസണുകളില്‍ ഐപിഎല്‍ കൂടുതല്‍ മികച്ചതും കാണികളുടെ പിന്തുണയുള്ളതുമായാണ് മാറുക. ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍ പ്രത്യേക കാലയളവ് ലഭിച്ചാല്‍ ഐപിഎല്‍ മത്സരങ്ങളുടെ എണ്ണം 74ല്‍ നിന്ന് 94ലേക്ക് ഉയര്‍ന്നേക്കാം. തീരുമാനം എടുക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസികളുടെയും ഉടമകളുടേയും അഭിപ്രായം ഇക്കാര്യത്തില്‍ തേടും. എന്തായാലും അടുത്ത ഐപിഎല്‍ സീസണിന് 10 മാസം അവശേഷിക്കുന്നുണ്ട്. അതിനാല്‍ ഏറെ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു' എന്നും അരുണ്‍ ധുമാല്‍ പറഞ്ഞു. 

ഐപിഎല്ലിനൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡുകള്‍ക്ക് നേരത്തെ തന്നെ ട്വന്‍റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റുണ്ടായിരുന്നു. പുതുതായി യുഎഇയിലും ദക്ഷിണാഫ്രിക്കയിലും ഈ വര്‍ഷം ടൂര്‍ണമെന്‍റ് തുടങ്ങി. കൂടുതല്‍ ബോര്‍ഡുകള്‍ ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ട്. 

Read more: ലാന്‍സ് ക്ലൂസ്‌നര്‍ പരിശീലകനായി ഇന്ത്യയിലേക്ക്; സ്വന്തമാക്കിയത് ത്രിപുര ക്രിക്കറ്റ് ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!