Latest Videos

ഐപിഎല്‍ ഫൈനല്‍: തകര്‍ത്തടിച്ച് ഗില്ലും അയ്യരും, കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ തുടക്കം

By Web TeamFirst Published Oct 15, 2021, 10:04 PM IST
Highlights

അക്കൗണ്ട് തുറക്കും മുമ്പെ വെങ്കടേഷ് അയ്യരെ രണ്ടാം ഓവറില്‍ ഹേസല്‍വുഡിന്‍റെ പന്തില്‍ എം എസ് ധോണി കൈവിട്ടു. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡിനെ സിക്സിന് പറത്തിയാണ് അയ്യര്‍ അക്കൗണ്ട് തുറന്നത്.

ദുബായ്: ഐപിഎല്‍ (IPL 2021) കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് Chennai Super Kings) ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) നല്ല തുടക്കം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും(Shubman Gill) വെങ്കടേഷ് അയ്യരും(Venkatesh Iyer) തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ കൊല്‍ക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സിലെത്തി. 18 പന്തില്‍ 22 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 18 പന്തില്‍ 31 റണ്‍സുമായി വെങ്കടേഷ് അയ്യരും ക്രീസില്‍.

കൈവിട്ടു കളിച്ച് ചെന്നൈ

അക്കൗണ്ട് തുറക്കും മുമ്പെ വെങ്കടേഷ് അയ്യരെ രണ്ടാം ഓവറില്‍ ഹേസല്‍വുഡിന്‍റെ പന്തില്‍ എം എസ് ധോണി കൈവിട്ടു. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡിനെ സിക്സിന് പറത്തിയാണ് അയ്യര്‍ അക്കൗണ്ട് തുറന്നത്. ദീപക് ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് അയ്യര്‍ ടോപ് ഗിയറിലായി. നാലാം ഓവറില്‍ ഹേസല്‍വുഡിന്‍റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ ഷര്‍ദ്ദുല്‍ ഠാക്കൂറും നിലത്തിട്ടു. ഷര്‍ദ്ദുല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ അയ്യരുടെ ബാറ്റിലുരുമ്മി വിക്കറ്റിന് പിന്നിലേക്ക് പോയ പന്ത് ധോണിയുടെ കൈവിരലുകളില്‍ തട്ടി ബൗണ്ടറി കടന്നു. 5.4 ഓവറില്‍ കൊല്‍ക്കത്ത 50 കടന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെ(Faf du Plessis) തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 86 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ(Robin Uthappa)(15 പന്തില്‍ 31) റുതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad ) (27 പന്തില്‍ 32), മൊയീന്‍ അലി(Moeen Ali) (20 പന്തില്‍ 37) എന്നിവരും ചെന്നൈ സ്കോറിലേക്ക് മികച്ച സംഭാവന നല്‍കി.

പവറോടെ തുടങ്ങി അടിച്ചുതകര്‍ത്ത് ഡൂപ്ലെസി

പതിവുപോലെ ഷാക്കിബ് അല്‍ ഹസനാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നാലാം പന്ത് ബൗണ്ടറി കടത്തി റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈയുടെ ആദ്യ ബൗണ്ടറി നേടി. ഷാക്കിബ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഫാഫ് ഡൂപ്ലെസിയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ദിനേശ് കാര്‍ത്തിക് നഷ്ടമാക്കിയതിനെ കൊല്‍ക്കത്ത വലിയ വിലകൊടുക്കേണ്ടിവന്നു.  പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സടിച്ച ഡൂപ്ലെസിയും ഗെയ്‌ക്‌വാദും ചേര്‍ന്ന് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു.

ഗെയ്‌ക്‌വാദിനെ മടക്കി നരെയ്ന്‍ അടിതുടര്‍ന്ന് ഡൂപ്ലെസിയും ഉത്തപ്പയും

പവര്‍പ്ലേക്ക് പിന്നാലെ നിലുയറപ്പിച്ച ഗെയ്ക്‌വാദിനെ(32) മടക്കി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്ക് ആദ്യം ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും ആശ്വാസം അധികം നീണ്ടില്ല. വണ്‍ ഡൗണായെത്തിയ റോബിന്‍ ഉത്തപ്പ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നപ്പോള്‍ ചെന്നൈ സ്കോര്‍ വീണ്ടും കുതിച്ചു. 30 പന്തില്‍ 35 റണ്‍സെടുത്തിരുന്ന ഡൂപ്ലെസി അടുത്ത അഞ്ച് പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഇതിന് പിന്നാലെ പതിനൊന്നാം ഓവറില്‍ ചെന്നൈ സ്കോര്‍ 100 പിന്നിട്ടു. കൊല്‍ക്കത്തയുടെ തുരുപ്പുചീട്ടുകളായ സുനില്‍ നരെയ്നെയും വരുണ്‍ ചക്രവര്‍ത്തിയെയും സിക്സിന് പറത്തിയ ഉത്തപ്പ ഒടുവില്‍ നരെയ്ന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പതിനാലാം ഓവറില്‍ ഉത്തപ്പയെ നഷ്ടമാവുമ്പോള്‍ ചെന്നൈ സ്കോര്‍ 124 റണ്‍സിലെത്തിയിരുന്നു.

അവസാന ഓവറുകളില്‍ അലിയുടെ വെടിക്കെട്ട്

അവസാന ഓവറുകളില്‍ ഡൂപ്ലെസിക്കൊപ്പം മൊയീന്‍ അലിയും തകര്‍ത്തടിച്ചതോടെ ചെന്നൈ സ്കോര്‍ കുതിച്ചു. പതിനഞ്ചാം ഓവറില്‍ 131 റണ്‍സിലെത്തിയ ചെന്നൈ അവസാന അഞ്ചോവറില്‍ 61 റണ്‍സ് കൂടി അടിച്ചുകൂട്ടി 192 റണ്‍സിലേക്ക് കുതിച്ചു. ലോക്കി പെര്‍ഗൂസന്‍ എറി‍ഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പത്തൊമ്പതാം ഓവരില്‍ 13 റണ്‍സുമെടുത്ത ചെന്നൈക്ക് ശിവം മാവിയുടെ അവസാന ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഷാക്കിബിനും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ലോക്കി ഫെര്‍ഗൂസനും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത ചക്രവര്‍ത്തിയും മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ഷാക്കിബും തീര്‍ത്തും നിറം മങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി.

click me!