'തല'വര മാറാതെ ചെന്നൈ; ബാംഗ്ലൂരിനെതിരെയും നാണംകെട്ടു

By Web TeamFirst Published Oct 10, 2020, 11:27 PM IST
Highlights

പവര്‍ പ്ലേയില്‍ പതിവുപോലെ ആഞ്ഞടിക്കാന്‍ വാട്സണും ഡൂപ്ലെസിക്കുമായില്ല. ക്രിസ് മോറിസ് എറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. സെയ്നിയുടെ രണ്ടാം ഓവറില്‍ രണ്ട് റണ്‍സ് മാത്രം പിറന്നപ്പോള്‍ ഉദാനയുടെ മൂന്നാം ഓവറില്‍ ചെന്നൈ ഏഴ് റണ്‍സടിച്ചു.

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ 'തല'വര മാറിയില്ല. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കനത്ത തോല്‍വി വഴങ്ങി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 169/4,ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 132/8. ജയത്തോടെ ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ ആറാം സ്ഥാനത്തേക്ക് വീണു.

തുടക്കവും ഒടുക്കവും പിഴച്ച് ചെന്നൈ

പവര്‍ പ്ലേയില്‍ പതിവുപോലെ ആഞ്ഞടിക്കാന്‍ വാട്സണും ഡൂപ്ലെസിക്കുമായില്ല. ക്രിസ് മോറിസ് എറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. സെയ്നിയുടെ രണ്ടാം ഓവറില്‍ രണ്ട് റണ്‍സ് മാത്രം പിറന്നപ്പോള്‍ ഉദാനയുടെ മൂന്നാം ഓവറില്‍ ചെന്നൈ ഏഴ് റണ്‍സടിച്ചു.

നാലാം ഓവറില്‍ ഡൂപ്ലെസിയെ ക്രിസ് മോറിസിന്‍റെ കൈകളിലെത്തിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍ ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ വാട്സണെ ക്ലീന്‍ ബൗള്‍ഡാക്കി സുന്ദര്‍ ചെന്നൈയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. 40 പന്തില്‍ 42 റണ്‍സെടുത്ത അംബാട്ടി റായുഡുവിന്‍റെയും 28 പന്തില്‍ 33 റണ്‍സെടുത്ത എന്‍ ജഗദീശന്‍റെയും ചെറുത്തുനില്‍പ്പിന് ചെന്നൈയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.

'തല'പ്പൊക്കമില്ലാതെ ധോണി

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ ധോണിക്ക് ഇത്തവണയും പിഴച്ചു. ആറ് പന്തില്‍ ഒരു സിക്സ് അടക്കം 10 റണ്‍സെടുത്ത ധോണി ചാഹലിനെ സിക്സ് പറത്താനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ ഗുര്‍കീരത് സിംഗിന് ക്യാച്ച് നല്‍കി മടങ്ങി. ധോണിയും മടങ്ങിയതോടെ പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായി. സാം കറന്‍(0), രവീന്ദ്ര ജഡേജ(7), ഡ്വയിന്‍ ബ്രാവോ(7) എന്നിവരും കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി.

ബാംഗ്ലൂരിനായി ക്രിസ് മോറിസ് 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വാട്സണെയും ഡൂപ്ലെസിയെയും പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ചെന്നൈയുടെ തലയരിഞ്ഞു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്കോര്‍ കുറിച്ചത്. 52 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.

Powered by

click me!