പൊളിച്ചെഴുത്തില്‍ പൊളിച്ചടുക്കി ഡല്‍ഹി, ഹൈദരാബാദിന് കൂറ്റന്‍ വിജയലക്ഷ്യം

By Web TeamFirst Published Nov 8, 2020, 9:25 PM IST
Highlights

സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഡല്‍ഹി ജേസണ്‍ ഹോള്‍ഡറുടെ രണ്ടാം ഓവറിലാണ് ആദ്യ ബൗണ്ടറി നേടിയത്. രണ്ടാം ഓവറില്‍ എട്ട് റണ്‍സടിച്ച ഡല്‍ഹി സന്ദീപ് ശര്‍മയുടെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് നയം വ്യക്തമാക്കി.

അബുദാബി: ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധസെഞ്ചുറിയുടയെും  ഹെറ്റ്മെയര്‍(22 പന്തില്‍ 42*), സ്റ്റോയിനിസ്(27 പന്തില്‍ 38) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. അവസാന രണ്ടോവറില്‍ സന്ദീപ് ശര്‍മയും നടരാജനും ഡല്‍ഹിയെ വരിഞ്ഞുമുറുക്കിയതാണ് ഡല്‍ഹി സ്കോര്‍ 200 കടക്കുന്നത് തടഞ്ഞത്. ഹൈദരാബാദിനുവേണ്ടി റാഷിദ് ഖാനും സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും ഓരോ വിക്കറ്റെടുത്തു.

മെല്ലെ തുടങ്ങി കത്തിക്കയറി

സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഡല്‍ഹി ജേസണ്‍ ഹോള്‍ഡറുടെ രണ്ടാം ഓവറിലാണ് ആദ്യ ബൗണ്ടറി നേടിയത്. രണ്ടാം ഓവറില്‍ എട്ട് റണ്‍സടിച്ച ഡല്‍ഹി സന്ദീപ് ശര്‍മയുടെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് നയം വ്യക്തമാക്കി. സന്ദീപിന്‍റെ പന്തില്‍ സ്റ്റോയിനസ് നല്‍കിയ ക്യാച്ച് ഹോള്‍ഡര്‍ നിലത്തിട്ടത് ഹൈദരാബാദിന് കനത്ത തിരിച്ചടിയായി.

ജീവന്‍ കിട്ടിയ സ്റ്റോയിനസ് ഹോള്‍ഡര്‍ എറിഞ്ഞ നാലാം ഓവറില്‍ അടിച്ചു പറത്തിയതോടെ 18 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ഹോള്‍ഡറുടെ ഓവറോടെ ടോപ് ഗിയറിലായ ധവാനും സ്റ്റോയിനസും സന്ദീപിന്‍റെ അടുത്ത ഓവറില്‍ 11 റണ്‍സടിച്ച് ഡല്‍ഹി സ്കോര്‍ 50 എത്തിച്ചു. ഷഹബാസ് നദീം എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ ധവാന്‍ നോബോളാള് രണ്ടാം പന്തില്‍ ബൗണ്ടറി നേടി. ഫ്രീ ഹിറ്റായ മൂന്നാം പന്തില്‍ ഒരു റണ്ണെടുക്കാനെ പക്ഷെ ധവാനായുള്ളു.

പവര്‍ പ്ലേക്ക് പിന്നാലെ റാഷിദ് ഖാനെ വാര്‍ണര്‍ പന്തേല്‍പ്പിച്ചതോടെ ഡല്‍ഹി കരുതലോടെ കളി തുടങ്ങി. തന്‍റെ രണ്ടാം ഓവറില്‍ സ്റ്റോയിനസിനെ(27 പന്തില്‍ 38) ബൗള്‍ഡാക്കി റാഷിദ് ഹൈദരാബാദിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ശിഖര്‍ ധവാനും ചേര്‍ന്ന് ഡല്‍ഹിയെ പത്താം ഓവറില്‍ 100 കടത്തി.

പതിനാലാം ഓവറില്‍ ശ്രേയസിനെ(20 പന്തില്‍ 21) വീഴ്ത്തി ഹോള്‍ഡര്‍ ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയെങ്കിലും ധവാനും ഹെറ്റ്മെയറും തകര്‍ത്തടിച്ചതോടെ ഡല്‍ഹി സ്കോര്‍ കുതിച്ചുയര്‍ന്നു. 26 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്‍ അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ അമ്പയറുടെ തെറ്റായ എല്‍ബിഡബ്ല്യു തീരുമാനത്തില്‍ പുറത്തായി. 50 പന്തില്‍ 78 റണ്‍സായിരുന്നു ധവാന്‍റെ നേട്ടം. ആറ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ധവാന്‍റെ ഇന്നിംഗ്സ്.ധവാന്‍ പുറത്തായശേഷം ഇന്നിംഗ്സിന്‍റെ കിടഞ്ഞാണേറ്റെടുത്ത ഹെറ്റ്മെയര്‍ ഡല്‍ഹിയെ 189 റണ്‍സിലെത്തിച്ചു.

click me!