ഐപിഎല്ലിലെ മികച്ച യുവതാരമായി ദേവ്ദത്ത് പടിക്കല്‍

By Web TeamFirst Published Nov 10, 2020, 11:48 PM IST
Highlights


ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും പടിക്കല്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.

ദുബായ്: ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍. ആദ്യ ഐപിഎല്ലിനിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 15 ഇന്നിംഗ്സുകളില്‍ന നിന്ന്  അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് നേടിയത്. 79* ആണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും പടിക്കല്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.ഐപിഎല്‍ പതിമൂന്നാം സീസണില്‍ ആര്‍സിബിയുടെ നെടുംതൂണുകളില്‍ ഒരാളായിരുന്നു 20 വയസ് മാത്രമുള്ള ദേവ്‌ദത്ത് പടിക്കല്‍. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക്കായി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് ദേവ്‌ദത്ത് ശ്രദ്ധിക്കപ്പെടുന്നത്. രഞ്ജി ട്രോഫിയിലൂടെ 2018/19 സീസണിലായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം.

2019/20 സീസണില്‍ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. വിജയ് ഹസാരെയില്‍ 11 മത്സരങ്ങളില്‍ 609 റണ്‍സ് നേടി. ടി20 പരമ്പരയില്‍ 175.75 സ്‌ട്രൈക്ക് റേറ്റില്‍ 580 റണ്‍സടിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ് ദേവ്ദത്ത്. പാലക്കാട് ചിറ്റൂര്‍ അണിക്കോട് കുന്നത്തുവീട്ടില്‍ ബാബുനുവിന്റെയും എടപ്പാള്‍ പടിക്കല്‍ അമ്പിളിയുടെയും മകനാണ് ദേവ്ദത്ത്. മാതാപിതാക്കള്‍ക്കൊപ്പം ഹൈദരാബാദിലിയുന്നു ദേവ്ദത്ത്. പിന്നീട് 11ാം വയസില്‍ ബംഗളൂരുലേക്ക് കൂടുമാറി.

ഐപിഎല്ലില്‍ ഇത് മൂന്നാം തവണയാണ് മലയാളി താരം മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു സാംസണാണ് ഐപിഎല്ലില്‍ എമേര്‍ജിംഗ് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി താരം. 2017ല്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കഴിഞ്ഞവര്‍ഷം കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്ലായിരുന്നു യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്.

click me!