ഇയാള്‍ക്ക് പിന്നാലെ എന്തിനാണ് കോടികളുമായി ടീമുകള്‍ പായുന്നത്; പഞ്ചാബ് സൂപ്പര്‍ താരത്തിനെതിരെ സെവാഗ്

By Web TeamFirst Published Oct 9, 2020, 8:56 PM IST
Highlights

എല്ലാ സീസണിലും താരലേലത്തിൽ ടീമുകൾ പണം വാരിയെറിഞ്ഞ് സ്വന്തമാക്കുന്ന താരമാണ് മാക്സ്‌വെലെന്നും, എന്നിട്ടും ഇതുവരെ ഒരു തവണ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ മാക്‌സ്‌വെലിനു സാധിച്ചിട്ടില്ലെന്നും സെവാഗ്

ദുബായ്: ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ആദ്യ മത്സരം ജയിച്ചു തുടങ്ങിയ പഞ്ചാബ് പിന്നീട് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിക്കോളാസ് പുരാനും ഒഴികെ മറ്റാരും ഈ സീസണില്‍ പഞ്ചാബിനായി തിളങ്ങിയിട്ടില്ല. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുമെന്ന് പ്രകീക്ഷിച്ച ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ആകട്ടെ നനഞ്ഞ പടക്കമായി.

ഇതിനിടെ മാക്സ്‌വെല്ലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ‍്ചാബിന്‍റെ മുന്‍ മെന്‍റര്‍ കൂടിയായ വീരേന്ദര്‍ സെവാഗ്. എല്ലാ സീസണിലും താരലേലത്തിൽ ടീമുകൾ പണം വാരിയെറിഞ്ഞ് സ്വന്തമാക്കുന്ന താരമാണ് മാക്സ്‌വെലെന്നും, എന്നിട്ടും ഇതുവരെ ഒരു തവണ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ മാക്‌സ്‌വെലിനു സാധിച്ചിട്ടില്ലെന്നും സെവാഗ് പറഞ്ഞു.  എല്ലാ തവണയും എന്തിനാണ് ടീമുകള്‍ മാക്സ്‌വെല്ലിന് പുറകെ കോടികളുമായി ഓടുന്നതെന്ന് മനസിലാവുന്നില്ലെന്നും അടുത്ത തവണ ലേലത്തിൽ മാക്സ്‌വെലിന്റെ വില 1–2 കോടി രൂപയിലേക്ക് കുറയുമെന്നും സേവാഗ് പറഞ്ഞു.

താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് കിംഗ്സ് ഇലവൻ പഞ്ചാബ് മാക്സ്‌വെലിനെ ടീമിലെത്തിച്ചത്. 2018ലെ താരലേലത്തിൽ ഒൻപത് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും മാക്സ്‌വെലിനെ വാങ്ങിയിരുന്നു. അന്നും താരത്തിന്‍റെ പ്രകടനം മോശമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു.

ഈ സീസണിൽ അഞ്ചിൽ നാല് ഇന്നിംഗ്സിലും ബാറ്റിങ്ങിനിറങ്ങിയ മാക്സ്‌വെല്‍ ആറു മത്സരങ്ങളിൽനിന്ന് 48 റൺസ് മാത്രമാണ് നേടിയത്. 1, 5, 13*, 11, 11*, 7 എന്നിങ്ങനെയാണ് മാക്സ്‌വെല്ലിന്‍റെ സ്കോര്‍. ഐപിഎല്ലിന് തൊടടുമുമ്പ് ഓസ്ട്രേലിക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ മാക്സ്‌വെലിന്റെ ഫോം ഇത്രയും മോശമാകാൻ കാരണമെന്തെന്ന് അറിയില്ലെന്ന് സേവാഗ് പറഞ്ഞു. ബാറ്റിംഗ് വെടിക്കെട്ട് കാഴ്ചവെക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് അവസരമാണ് മാക്സ്‌വെല്ലിന് വേണ്ടത് എന്ന് എനിക്ക് മനസിലാവുന്നില്ല. എല്ലാ വർഷവും മാക്സ്‌വെലിന്റെ കാര്യം ഇങ്ങനെയൊക്കെ തന്നെയാണെന്നും സേവാഗ് ചൂണ്ടിക്കാട്ടി.

മാക്സ്‌വെലിന്റെ മനസ്സിലെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എല്ലാ വർഷവും അദ്ദേഹത്തിന്റെ കാര്യം ഇങ്ങനെയൊക്കെ തന്നെയാണ്. താരലേലത്തിൽ വലിയ തുകയ്ക്ക് ടീമുകൾ വാങ്ങും. കളത്തിലെ പ്രകടനം എന്നും ഇങ്ങനെ തന്നെ. എന്നിട്ടും ടീമുകൾ മാക്സ്‌വെലിനു പിന്നാലെ പായുന്നു. ഇതാണ് എനിക്ക് ഇതുവരെ മനസ്സിലാകാത്തത് –സേവാഗ് പറഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മാക്സ്‌വെല്ലിന്  22.23 ശരാശരിയില്‍ 1445 റണ്‍സെ നേടാനായിട്ടുള്ളു. ഐപിഎല്ലില്‍ മാക്സ്‌വെല്‍ അവസാനം അര്‍ധസെഞ്ചുറി നേടിയത് 2016ലായിരുന്നു.

click me!