Latest Videos

ബെയര്‍സ്റ്റോ, വില്യംസണ്‍, വാര്‍ണര്‍ തിളങ്ങി; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Sep 29, 2020, 9:33 PM IST
Highlights

കൊല്‍ക്കത്തെക്കെതിതിരെ എന്നപോലെ പവര്‍പ്ലേയില്‍ അടിച്ചുതകര്‍ക്കാന്‍ ഇത്തവണയും ഹൈദരാബാദിനായില്ല.ഡല്‍ഹിക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇഷാന്ത് ശര്‍മയും റബാദയും ഹൈദരാബാദിനെ വരിഞ്ഞുകെട്ടി. പവര്‍പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടമായില്ലെങ്കിലും 38 റണ്‍സെടുക്കാനെ ഹൈദരാബാദിനായുള്ളു.

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.

നനഞ്ഞ തുടക്കം

കൊല്‍ക്കത്തെക്കെതിതിരെ എന്നപോലെ പവര്‍പ്ലേയില്‍ അടിച്ചുതകര്‍ക്കാന്‍ ഇത്തവണയും ഹൈദരാബാദിനായില്ല.ഡല്‍ഹിക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇഷാന്ത് ശര്‍മയും റബാദയും ഹൈദരാബാദിനെ വരിഞ്ഞുകെട്ടി. പവര്‍പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടമായില്ലെങ്കിലും 38 റണ്‍സെടുക്കാനെ ഹൈദരാബാദിനായുള്ളു.  പിന്നീട് ടോപ് ഗിയറിലായ വാര്‍ണര്‍ സ്കോര്‍ ഉയര്‍ത്തി. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം 9.3 ഓവറില്‍ 77 റണ്‍സടിച്ചു. 33 പന്തില്‍ 45 റണ്‍സെടുത്ത വാര്‍ണറെ മടക്കി അമിത് മിശ്രയാണ് ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

തൊട്ടുപിന്നാലെ മനീഷ് പാണ്ഡെയെ(3) മടക്കി മിശ്ര ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തി വില്യാംസണ്‍ ബെയര്‍സ്റ്റോയുമൊത്ത് മികച്ച കൂട്ടുകെട്ടുയര്‍ത്തി ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 48 പന്തില്‍ 53 റണ്‍സെടുത്ത ബെയര്‍സ്റ്റോയെയും 26 പന്തില്‍ 41 റണ്‍സെടുത്ത വില്യാംസണെയും റബാദ മടക്കി. ഏഴ് പന്തില്‍ 12 റണ്‍സെടുത്ത അബ്ദുള്‍ സമദും ഒരു റണ്ണുമായി അഭിഷേക് ശര്‍മയും പുറത്താകാതെ നിന്നു.

ഡല്‍ഹിക്കായി റബാദാ നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര 35 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയോട് കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്.

അഫ്ഗാന്‍ താരം മുഹമ്മദ് നബിക്ക് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി. സീസണില്‍ വില്യംസണിന്‍റെ ആദ്യമത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ മെല്ലെപ്പോക്കിന് ഏറെ പഴികേട്ട വൃദ്ധിമാന്‍ സാഹക്ക് പകരം അബ്ദുള്‍ സമദ് ഹൈദരാബാദ് ടീമിലെത്തി.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലുള്ള ഡല്‍ഹി ടീമിലും ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പേസര്‍ ആവേശ് ഖാന് പകരം ഇഷാന്ത് ശര്‍മ അന്തിമ ഇലവനിലെത്തി.

click me!