Latest Videos

രോഹിത്തിന് രാജ്യത്തെക്കാള്‍ പ്രധാനമാണോ ക്ലബ്ബ്; തുറന്നടിച്ച് മുന്‍ നായകന്‍

By Web TeamFirst Published Nov 4, 2020, 5:21 PM IST
Highlights

പരിക്കുണ്ടായിട്ടും കളിക്കാനിറങ്ങിയ രോഹിത്തിന് ഐപിഎല്ലില്‍ കളിക്കുന്നതാണോ രാജ്യത്തിനുവേണ്ടി കളിക്കുന്നതാണോ പ്രധാനമെന്ന് വെംഗ്സര്‍ക്കാര്‍ ചോദിച്ചു.

മുംബൈ: രോഹിത് ശര്‍മയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതിന് എതിരെ ശക്തമായി രംഗത്തെത്തിയ ആളാണ് മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്സര്‍ക്കാര്‍. പരിക്കുള്ള മായങ്കിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ തഴയുകയും ചെയ്ത സെലക്ടര്‍മാരുടെ നടപടിക്കെതിരെ വെംഗ്സര്‍ക്കാര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ മുംബൈക്കായി രോഹിത് കളിക്കാനിറങ്ങിയതോടെ രോഹിത്തിന്‍റെ കാര്യത്തില്‍ നിലപാട് മാറ്റി വെംഗ്സര്‍ക്കാര്‍ രംഗത്തെത്തി.

പരിക്കുണ്ടായിട്ടും കളിക്കാനിറങ്ങിയ രോഹിത്തിന് ഐപിഎല്ലില്‍ കളിക്കുന്നതാണോ രാജ്യത്തിനുവേണ്ടി കളിക്കുന്നതാണോ പ്രധാനമെന്ന് വെംഗ്സര്‍ക്കാര്‍ ചോദിച്ചു. രാജ്യമാണോ ക്ലബ്ബാണോ അദ്ദേഹത്തിന് പ്രധാനമെന്ന് രോഹിത് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ബിസിസിഐ ഇടപെടുമോ. അതോ രോഹിത്തിന്‍റെ പരിക്ക് നിര്‍ണയിക്കുന്നതില്‍ ബിസിസിഐ ഫിസിയോക്ക് തെറ്റ് പറ്റിയതാണോ. ഇക്കാര്യങ്ങളെല്ലാം ബിസിസിഐ വ്യക്തമാക്കണമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

പരിക്കുള്ള രോഹിത്തിന് കായികക്ഷമത തെളിയിച്ചാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ പ്രസി‍ഡന്‍റ് സൗരവ് ഗാംഗുലി ഇന്നലെ പിടിഐയോട് പറഞ്ഞിരുന്നു. ധൃതി പിടിച്ച് അദ്ദേഹത്തെ കളിപ്പിച്ച് പരിക്ക് കൂടുതല്‍ വഷളാക്കാനാവില്ലെന്നും പരിക്ക് മാറി കായികക്ഷമത തെളിയിച്ചാല്‍ ടെസ്റ്റ് പരമ്പരക്ക് മുമ്പെങ്കിലും അദ്ദേഹത്തെ ടീമിലെടുക്കുമെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച മുംബൈക്കായി സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അപ്രധാന പോരാട്ടത്തില്‍ രോഹിത് കളിക്കാന്‍ ഇറങ്ങിയത്. ടോസിനുശേഷം പരിക്ക് മാറിയോ എന്ന് കമന്‍റേറ്ററായ മുരളി കാര്‍ത്തിക്ക് ചോദിച്ചപ്പോള്‍ എന്നെ കണ്ടാല്‍ എന്തു തോന്നുന്നു എന്നായിരുന്നു തമാശയോടെ രോഹിത് മറുപടി നല്‍കിയത്.

Powered BY

click me!