ഇഴഞ്ഞുതുടങ്ങി കുതിച്ചുകയറി; കാര്‍ത്തിക്ക് വെടിക്കെട്ടില്‍ കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍

By Web TeamFirst Published Oct 10, 2020, 5:32 PM IST
Highlights

തുടക്കത്തിലെ തകര്‍ച്ച കൊല്‍ക്കത്തയുടെ സ്കോറിംഗ് വേഗം കുറച്ചു. സ്ലോ പിച്ചില്‍ പഞ്ചാബ് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ കൊല്‍ക്കത്തയുടെ സ്കോറിംഗ് ഓവറില്‍ ആറ് റണ്‍സ് പോലും പിന്നിട്ടില്ല.

അബുദാബി: ഐപിഎല്ലില്‍ നായകന്‍ ദിനേശ് കാര്‍ത്തിക്ക് ഒടുവില്‍ ഫോമിലായപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 29 പന്തില്‍ 58 റണ്‍സടിച്ച ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ശുബ്മാന്‍ ഗില്‍ 47 പന്തില്‍ 57 റണ്‍സടിച്ച് തിളങ്ങി.

തുടക്കം തകര്‍ച്ചയോടെ

കഴിഞ്ഞ മത്സരങ്ങളിലെ ബാറ്റിംഗ് ഹീറോ ആയ രാഹുല്‍ ത്രിപാഠിയെ കൊല്‍ക്കത്തക്ക് തുടക്കത്തിലെ നഷ്ടമായി. നാലു റണ്‍സെടുത്ത ത്രിപാഠിയെ ഷമി ബൗള്‍ഡാക്കിയപ്പോള്‍ വണ്‍ഡൗണായി എത്തിയ നിതീഷ് റാണ(2) റണ്ണൗട്ടായി. തുടക്കത്തിലെ തകര്‍ച്ച കൊല്‍ക്കത്തയുടെ സ്കോറിംഗ് വേഗം കുറച്ചു. സ്ലോ പിച്ചില്‍ പഞ്ചാബ് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ കൊല്‍ക്കത്തയുടെ സ്കോറിംഗ് ഓവറില്‍ ആറ് റണ്‍സ് പോലും പിന്നിട്ടില്ല.

നാലാമനായി എത്തിയ ഓയിന്‍ മോര്‍ഗന്‍ ഗില്ലിനൊപ്പം പിടിച്ചുനിന്നെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താനായില്ല. 23 പന്തില്‍ 24 റണ്‍സെടുത്ത മോര്‍ഗനെ ബിഷ്ണോയ് മടക്കിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലാവുമെന്ന് കരുതിയെങ്കിലും കാര്‍ത്തിക്ക് വന്നപാടെ അടിതുടങ്ങി. കാര്‍ത്തിക്കിനൊപ്പം ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത സ്കോര്‍ കുതിച്ചു. 42 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ 47 പന്തില്‍ 57 റണ്‍സെടുത്ത് റണ്ണൗട്ടായി.

റസല്‍ ദേ വന്നു, ദേ പോയി

ഗില്ലിന് ശേഷം ആന്ദ്രെ റസല്‍ എത്തിയെങ്കിലും വന്നതും പോയതും ഒരുമിച്ചായിരുന്നു. ആദ്യ പന്തില്‍ ഷമിയുടെ ബൗണ്‍സറില്‍ നിന്ന് രക്ഷപ്പെട്ട റസല്‍ അര്‍ഷദീപിന്‍റെ പന്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ സ്ലിപ്പിലൂടെ ഒരു ബൗണ്ടറി നേടി. അടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. മൂന്ന് പന്തില്‍ അഞ്ച് റണ്‍സായിരുന്നു റസലിന്‍റെ സമ്പാദ്യം.

വിമര്‍ശകരെ ബൗണ്ടറി കടത്തി കാര്‍ത്തിക്ക്

തകര്‍ത്തടിച്ച കാര്‍ത്തിക്ക് 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സ്. പതിമൂന്നാം ഓവര്‍ കഴിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ അവസാന ഏഴോവറില്‍ 89 റണ്‍സടിച്ചുകൂട്ടിയാണ് കൊല്‍ക്കത്ത മികച്ച സ്കോറിലെത്തിയത്. 29 പന്തില്‍ 59 റണ്‍സടിച്ച കാര്‍ത്തിക്ക് അവസാന പന്തില്‍ റണ്ണൗട്ടായി.പഞ്ചാബിനായി രവി ബിഷ്ണോയും അര്‍ഷദീപും നാലോവറില്‍ 25 റണ്‍സിന് ഓരോ വിക്കറ്റ് വീതമെടുത്തപ്പോള്‍ ഷമി 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

click me!