രക്ഷകനായത് ഡിവില്ലിയേഴ്സ് മാത്രം; ഹൈദരാബാദിനെതിരെ അടിതെറ്റി ബാംഗ്ലൂര്‍

By Web TeamFirst Published Nov 6, 2020, 9:15 PM IST
Highlights

ഹോള്‍ഡര്‍ വിക്കറ്റെടുക്കുകയും റണ്‍സ് വഴങ്ങുന്നതില്‍ സന്ദീപ് ശര്‍മ പിശുക്ക് കാട്ടുകയും ചെയ്തതോടെ ബാംഗ്ലൂര്‍ സ്കോര്‍ ഇഴഞ്ഞു നീങ്ങി.

അബുദാദി: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 132 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി പൊരുതിയ എ ബി ഡിവില്ലിയേഴ്സും(56) ആരോണ്‍ പിഞ്ചും(32)മാത്രമാണ് ബാഗ്ലൂര്‍ നിരയില്‍ പൊരുതിയത്. മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജനുമാണ് ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കിയത്.

അടിതെറ്റി കോലിയും പടിക്കലും, പവറില്ലാതെ പവര്‍പ്ലേ

പതിവില്‍ നിന്ന് വ്യത്യസ്തമായി ദേവ്ദത്ത് പടിക്കലിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന് ഓപ്പണ്‍ ചെയ്യാനെത്തിയത്. മികച്ച തുടക്കം പ്രതീക്ഷിച്ച ബാംഗ്ലൂരിനെ ഞെട്ടിച്ച് രണ്ടാം ഓവറില്‍ തന്നെ കോലിയെ(6) മടക്കി ജേസണ്‍ ഹോള്‍ഡര്‍ ബാംഗ്ലൂരിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഹോള്‍ഡറിനെ അടിച്ചുപറത്താന്‍ ശ്രമിച്ച പടിക്കലിനെ പ്രിയം ഗാര്‍ഗ് ചാടി കൈയിലൊതുക്കിയപ്പോള്‍ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ നേടിയത് ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രം.

പിടിച്ചു നിന്ന് ഫിഞ്ചും ഡിവില്ലിയേഴ്സും

ഹോള്‍ഡര്‍ വിക്കറ്റെടുക്കുകയും റണ്‍സ് വഴങ്ങുന്നതില്‍ സന്ദീപ് ശര്‍മ പിശുക്ക് കാട്ടുകയും ചെയ്തതോടെ ബാംഗ്ലൂര്‍ സ്കോര്‍ ഇഴഞ്ഞു നീങ്ങി. ഇരുവരും ചേര്‍ന്ന് ബാംഗ്ലൂരിനെ 50 കടത്തിയെങ്കിലും ഷഹബാസ് നദീമിനെ അതിര്‍ത്തി കടത്താനുള്ള ഫിഞ്ചിന്‍റെ ശ്രമം ബൗണ്ടറിയില്‍ അബ്ദുള്‍ സമദിന്‍റെ കൈകളിലൊതുങ്ങി. 30 പന്തില്‍ 32 റണ്‍സായിരുന്നു ഫിഞ്ചിന്‍റെ നേട്ടം. തൊട്ടുപിന്നാലെ ഫ്രീ ഹിറ്റ് ലഭിച്ച പന്തില്‍ മോയിന്‍ അലിയെ(0) നേരിട്ടുള്ള ത്രോയില്‍  റണ്ണൗട്ടാക്കി റാഷിദ് ഖാന്‍ ബാംഗ്ലൂരിന്‍റെ തകര്‍ച്ചയുടെ വേഗം കൂട്ടി.

മാനം കാത്ത് എബിഡി

ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും പൊരുതിന്ന  ഡിവില്ലിയേഴ്സ് 39 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. എന്നാല്‍ അവസാന ഓവറുകള്‍ വമ്പനടിക്ക് ശ്രമിച്ച ഡിവില്ലിയേഴ്സിനെ മനോഹരമായൊരു യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി ടി നടരാജന്‍ ബാംഗ്ലൂരിന്‍റെ അവസാന പ്രതീക്ഷയും എറിഞ്ഞിട്ടു. ഫിഞ്ചും ഡിവില്ലിയേഴ്സും സിറാജും(10*)ഒഴികെ മാറ്റാരും ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നില്ല. ഹൈദരാബാദിനായി ഹോള്‍ഡര്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നടരാജന്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

click me!