ഓം ഹ്രീം സ്വാഹ, ഡല്‍ഹിക്കുമേല്‍ ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്

By Web TeamFirst Published Oct 27, 2020, 11:02 PM IST
Highlights

ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ പാഡ് കെട്ടിയിറങ്ങിയ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍റെ ബാറ്റിലായിരുന്നു. എന്നാല്‍ സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ ധവാന്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി.

ദുബായ്: എല്ലാം വളരെ പെട്ടെന്നായിരുന്നു. ടോസിലെ ഭാഗ്യമൊഴിച്ച് മറ്റൊന്നും കൂട്ടിനില്ലാതിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ വൃദ്ധിമാന്‍ സാഹയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ആദ്യം അടിച്ചൊതുക്കി. പിന്നെ റാഷിദ് ഖാന്‍റെ നേതൃത്വത്തില്‍ ഹൈദരാബാദ് കറക്കി വീഴ്ത്തി.  ജീവന്‍ മരണപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 88 റണ്‍സിന് കീഴടക്കി വമ്പന്‍ ജയവുമായി ഉദിച്ചുയര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

220 റണ്‍സിന്‍റെ വമ്പന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിയെ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് കറക്കിയിട്ടത്. സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 219/2, ഡല്‍ഹി ക്യാപിറ്റല്‍സ് 19 ഓവറില്‍ 131 ന് ഓള്‍ ഔട്ട്. ജയത്തോടെ പോയന്‍റ് പട്ടികയില്‍ സണ്‍റൈസേഴ്സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക് വീണു.

കണ്ണടച്ചു തുറക്കും മുമ്പെ എല്ലാം തീര്‍ന്നു

ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ പാഡ് കെട്ടിയിറങ്ങിയ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍റെ ബാറ്റിലായിരുന്നു. എന്നാല്‍ സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ ധവാന്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിഞ്ച് ഹിറ്ററായി ഇറക്കിയ സ്റ്റോയിനസ് ഷഹബാസ് നദീമിന്‍റെ പന്തില്‍ വാര്‍ണര്‍ക്ക് പിടികൊടുത്ത് മടങ്ങുമ്പോള്‍ ഡല്‍ഹി സ്കോര്‍ ബോര്‍ഡില്‍ 14 റണ്‍സെ ഉണ്ടായിരുന്നുള്ളു.

കറക്കി വീഴ്ത്തി റാഷിദ്

അജിങ്ക്യാ രഹാനെയും ഷിമ്രോണ്‍ ഹെറ്റ്മെയറും ചേര്‍ന്ന് ഡല്‍ഹിയെ 50 കടത്തിയെങ്കിലും പവര്‍പ്ലേക്ക് പിന്നാലെ റാഷിദ് ഖാന്‍ പന്തെറിയാനെത്തിയതോടെ ഡല്‍ഹിയുടെ പോരാട്ടം തീര്‍ന്നു. ഒരോവറില്‍ ഹെറ്റ്മെയറെയും(16), രഹാനെയെയും(26) മടക്കി റാഷിദ് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് ഡല്‍ഹിക്ക് കരകയറാനേ ആയില്ല. ക്യാപ്റ്റന്‍ ശ്രേയസും അയ്യരും റിഷഭ് പന്തും റാഷിദിന്‍റെ പന്തിന്‍റെ ഗതിയറിയാതെ ഉഴറിയപ്പോള്‍ ഡല്‍ഹി സ്കോര്‍ ഇഴഞ്ഞു നീങ്ങി.

റാഷിദിനെ അതിജീവിച്ച ആവേശത്തില്‍ വിജയ് ശങ്കറെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച അയ്യരുടെ(7) ആവേശം വില്യംസണിന്‍റെ കൈകളിലൊതുങ്ങി. അക്സര്‍ പട്ടേലിനെ(1)കൂടി മടക്കി റാഷിദ് ക്വാട്ട പൂര്‍ത്തിയാക്കി. നാലോവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് മൂന്ന് വിക്കറ്റെടുത്തത്.

വൈഡില്‍ പോലും വിക്കറ്റെടുത്ത് ഹൈദരാബാദ്

എല്ലാതരത്തിലും ഭാഗ്യം ഹൈദരാബാദിന്‍റെ കൂടെയായിരുന്നു. റിഷഭ് പന്ത് ബാറ്റ് ചെയ്തപ്പോള്‍ അമ്പയര്‍ വൈഡ് വിളിച്ച പന്തില്‍ ക്യാച്ചിനായി റിവ്യു എടുത്ത വാര്‍ണറുടെ തീരുമാനം പോലും പിഴച്ചില്ല. 35 പന്തില്‍ 36 റണ്‍സെടുത്ത് ഡല്‍ഹിയുടെ ടോപ് സ്കോററായ റിഷഭ് പന്ത് സന്ദീപ് ശര്‍മക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വാലറ്റക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പിന് ഹൈദരാബാദിന്‍റെ വിജയം വൈകിപ്പിക്കാന്‍ മാത്രമെ ഉപകരിച്ചുള്ളു. ഹൈദരാബാദിനായി റാഷിദ് മൂന്നും സന്ദീപ് ശര്‍മയും ടി നടരാജനും രണ്ടു വിക്കറ്റെടുത്തപ്പോള്‍ വിജയ് ശങ്കര്‍ ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദ് വൃദ്ധിമാന്‍ സാഹയുടെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തത്. 45 പന്തില്‍ 87 റണ്‍സടിച്ച സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. വാര്‍ണര്‍ 34 പന്തില്‍ 66 റണ്‍സടിച്ചു. തുടര്‍ച്ചയായി 26 കളികളില്‍ വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട ഡല്‍ഹിയുടെ കാഗിസോ റബാദ നാലോവറില്‍ 54 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

click me!