
അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെയും(23 പന്തില്‍ 34) മുന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെയും(14 പന്തില്‍ 29*) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തക്കായി 36 റണ്‍സടിച്ചു. അവസാന നാലോവറില്‍ 52 റണ്‍സടിച്ച മോര്‍ഗന്‍-കാര്‍ത്തിക് സഖ്യമാണ് കൊല്‍ക്കത്തയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.
തുടക്കത്തില്‍ എല്ലാം ശുഭം
രാഹുല്‍ ത്രിപാഠിയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്ത കൊല്‍ക്കത്ത ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ എല്ലാം ശുഭമായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ത്രിപാഠിയും ഗില്ലിും ചേര്‍ന്ന് ആറോവറില്‍ 48 റണ്‍സടിച്ചു. പവര്‍പ്ലേയിലെ അവസാന പന്തില്‍ ത്രിപാഠിയെ(16 പന്തില്‍ 23) മടക്കി ടി നടരാജനാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.
ഇഴഞ്ഞിഴഞ്ഞ് മധ്യനിര
ത്രിപാഠി വീണശേഷം നിതീഷ് റാണയും ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയെ 11.4 ഓവറില്‍ 87 റണ്‍സിലെത്തിച്ചെങ്കിലും 20 പന്തില്‍ 29 റണ്‍സടിച്ച റാണയെ വിജയ് ശങ്കര്‍ വീഴ്ത്തിയതോടെ കൊല്‍ക്കത്തയുടെ സ്കോറിംഗിന് കടിഞ്ഞാണ്‍ വീണു. റാണക്ക് പിന്നാലെ ഗില്ലും(37 പന്തില്‍ 36) മടങ്ങിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി.
റസല്‍ വന്നു, റസല്‍ പോയി
നാലാമനായി ക്രീസിലെത്തിയ റസല്‍ കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ 11 പന്തില്‍ 9 റണ്‍സെടുത്ത് ഒരു ബൗണ്ടറി മാത്രം അടിച്ച് റസല്‍ മടങ്ങിയതോടെ കൊല്‍ക്കത്തയെ മാന്യമായ സ്കോറിലെത്തിക്കേണ്ട ഉത്തരവാദിത്തം മോര്‍ഗനിലും കാര്‍ത്തിക്കിലുമായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് കൊല്‍ക്കത്തയെ 163 റണ്‍സിലെത്തിച്ചു.
ഹൈദരാബാദിനായി ടി നടരാജന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വിജയ് ശങ്കറും റാഷിദ് ഖാനും ഓരോ വിക്കറ്റെടുത്തു. മലയാളി താരം ബേസില്‍ തമ്പി ആദ്യമായി സീസണില്‍ പന്തെറിഞ്ഞെങ്കിലും അവസാന ഓവറിലെ 16 റണ്‍സടക്കം നാലോവറില്‍ 46 റണ്‍സ് വഴങ്ങി ഇന്നിംഗ്സിലെ അവസാന പന്തില്‍ ഓയിന്‍ മോര്‍ഗന്‍റെ വിക്കറ്റെടുത്തു.
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!