
കൊല്‍ക്കത്ത: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ പ്രശ്നങ്ങളുടെ പടുകുഴിയിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മധ്യനിരയിലെ കരുത്താകുമെന്ന് കരുതിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഐപിഎല്ലിനില്ലെന്ന് പറഞ്ഞത്, പകരക്കാരനായി എത്തിയ ജേസണ്‍ റോയിക്ക് ആദ്യ മത്സരത്തില്‍ ഇടം നല്‍കാനാവാഞ്ഞതുമെല്ലാം അവരെ ആശങ്കയിലാഴ്ത്തിയിരുന്നു.
മറുവശത്ത് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചെത്തുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാകട്ടെ ആത്മവിശ്വാസത്തിന്‍റെ നെറുകയിലായിരുന്നു. ടോസിലെ ഭാഗ്യവും കൈവിട്ടതോടെ കൊല്‍ക്കത്ത ആദ്യം ബാറ്റിംഗിനിറങ്ങി. 26-2ലേക്കും 47-3ലേക്കും പിന്നീട് 89-5ലേക്കും കൂപ്പുകുത്തിയ കൊല്‍ക്കത്ത തകര്‍ന്നടിയുമെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ആറാം വിക്കറ്റില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും റിങ്കു സിംഗും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് കൊല്‍ക്കത്തയെ പ്രതീക്ഷക്കും അപ്പുറത്തേക്ക് എത്തിച്ചത്.
തുടക്കത്തില്‍ താളം കണ്ടെത്താന്‍ റിങ്കു സിംഗ് പാടുപെടുമ്പോള്‍ ആദ്യ പന്ത് മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു ഷര്‍ദ്ദുല്‍ ഠാക്കൂര്‍. 29 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സും അടക്കം 68 റണ്‍സടിച്ച് ഇരുപതാം ഓവറിലാണ് പുറത്തായത്. അപ്പോഴേക്കും 150ല്‍ താഴെ ഒതുങ്ങുമെന്ന് കരുതിയ കൊല്‍ക്കത്ത 200 കടന്നിരുന്നു. കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തിയ ഷര്‍ദ്ദുലിന്‍റെ ഇന്നിംഗ്സ് കണ്ട് കളി കാണാനെത്തിയ ബോളിവുഡ് സൂപ്പര്‍ താരവും കൊല്‍ക്കത്ത ടീം സഹ ഉടമയുമായ ഷാരൂഖ് ഖാന്‍പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചുപോയി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ നല്ല തുടക്കം കിട്ടിയിട്ടും ആര്‍സിബി 44-0ല്‍ നിന്ന് 86-9ലേക്ക് കൂപ്പു കുത്തി. ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പില്‍ 100 കടന്ന ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!