
KKR vs RCB, IPL 2021 Live Updates: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ഭേദപ്പെട്ട തുടക്കം. എട്ടോവര്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെടുത്തിട്ടുണ്ട്.16 റണ്‍സുമായി ശ്രീകര്‍ ഭരത്തും അഞ്ച് റണ്‍സോടെ ഗ്ലെന്‍ മാക്സ്‌വെല്ലും ക്രീസില്‍. അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെയും 22 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്‍റെയും വിക്കറ്റുകളാണ് ബംഗ്ലൂരിന് നഷ്ടമായത്. രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പവര്‍പ്ലേയിലെ അവസാന പന്തില്‍ ലോക്കി ഫെര്‍ഗൂസന്‍ പടിക്കലിനെ ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ചു.
ഐപിഎല്ലിലും മോശം തുടക്കവുമായി കിംഗ് കോലി
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്ലിലും ക്യാപ്റ്റന്‍ വിരാട് കോലി നിറം മങ്ങി.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത വിരാട് കോലി രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. പ്രസിദ്ധിനെ മനോഹരമായൊരു കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയശേഷം അടുത്ത പന്തിലാണ് കോലി വീണത്. വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ വരുണ്‍ നാലു റണ്‍സെ വഴങ്ങിയുള്ളു.
ടോസിലെ ഭാഗ്യം കോലിക്ക്
പതിവായി ടോസ് കൈവിടുന്ന വിരാട് കോലിയെ ഇത്തവണ ഭാഗ്യം തുണച്ചു. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് താരങ്ങള്‍ ആര്‍സിബിക്കായി ഇന്ന് അരങ്ങേറ്റം നടത്തുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എസ് ഭരതും രണ്ടാംപാതിയിയില്‍ ആര്‍സിബിക്കൊപ്പമെത്തിയ വാനിഡു ഹസരങ്കയും. കൊല്‍ക്കത്ത നിരയില്‍ വെങ്കിടേഷ് അയ്യര്‍ അരങ്ങേറ്റം കുറിക്കുന്നു. ദേവ്ദത്തിന് പുറമെ മറ്റൊരു മലയാളി താരം സച്ചിന്‍ ബേബിയും ആര്‍സിബിക്ക് വേണ്ടി കളിക്കുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ ഏഴ് കളികളില്‍ അഞ്ച് ജയവുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള കൊല്‍ക്കത്തയാകട്ടെ ഏഴാം സ്ഥാനത്തും. നിലമെച്ചപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പോയന്റ് പട്ടികയില്‍ മുന്നിലെത്താനാണ് വിരാട് കോലിയുടെ ബാംഗ്ലൂര്‍ ഇറങ്ങുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്സ്വെല്‍, എ ബി ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പര്‍), വാനിഡു ഹസരങ്ക, സച്ചിന്‍ ബേബി, കെയ്ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!