ഇനി കുംബ്ലെ പറഞ്ഞത് പോലെ സംഭവിക്കുമോ..? ഗെയ്ല്‍ ടീമിലില്ലാത്തതിനെ കുറിച്ച് രാഹുല്‍ പറയുന്നതിങ്ങനെ

By Web TeamFirst Published Sep 25, 2020, 7:08 AM IST
Highlights

ഇപ്പോള്‍ ഗെയ്ല്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. ഇന്നലെ ടോസിനെത്തിയപ്പോഴാണ് രാഹുല്‍ ഗെയ്‌ലിനെ കുറിച്ച് സംസാരിച്ചത്.
 

ദുബായ്: തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ മത്സരത്തിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്രിസ് ഗെയ്‌ലിനെ കൂടാതെ ഇറങ്ങുന്നത്. 41കാരനായ ഗെയ്‌ലിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മായങ്ക് അഗര്‍വാള്‍- കെ എല്‍ രാഹുല്‍ സഖ്യമാണ് പഞ്ചാബിന് വേണ്ടി  ഓപ്പണ്‍ ചെയ്തത്. നിക്കോളാസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് ടീമിലെ വിദേശ ബാറ്റ്‌സ്മാന്മാര്‍. ഇരുവര്‍ക്കും രണ്ട് മത്സരങ്ങളിലും തിളങ്ങാനായിട്ടില്ല. അടുത്ത മത്സരത്തിലെങ്കിലും ഗെയ്‌ലിന് അവസരം തെളിയുമോ എന്നുള്ള കാര്യത്തിലും ഉറപ്പില്ല. 

ഇപ്പോള്‍ ഗെയ്ല്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. ഇന്നലെ ടോസിനെത്തിയപ്പോഴാണ് രാഹുല്‍ ഗെയ്‌ലിനെ കുറിച്ച് സംസാരിച്ചത്. മൈക്കല്‍ സ്ലേറ്ററുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍.  ഗെയ്ല്‍ എന്തുകൊണ്ട് കളിക്കുന്നില്ല എന്നായിരുന്നു സ്ലേറ്ററുടെ ചോദ്യം. രാഹുലിന്റെ മറുപടിയിങ്ങനെ... ''അദ്ദേഹത്തെ കുറിച്ചോര്‍ത്ത് ആര്‍ക്കും ആധി വേണ്ട. കൃത്യ സമയത്ത് അദ്ദേഹം ടീമില്‍ കളിക്കും.'' ഇത്രയുമാണ് രാഹുല്‍ പറഞ്ഞത്. 

നേരത്തെ പഞ്ചാബ് അനില്‍ കുംബ്ലെയും ഗെയ്‌ലിനെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയിരുന്നു. അതിങ്ങനെയായിരുന്നു... ''താരമാണെങ്കിലും അല്ലെങ്കിലും ഗെയ്‌ലിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ വലിയ റോള്‍ വഹിക്കാനുണ്ട്. യുവതാരങ്ങള്‍ക്ക് പ്രചോദനം നല്‍കേണ്ടത് ഗെയ്‌ലാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത്, വിവിധ ലീഗുകളില്‍ കളിച്ചുള്ള അറിവ്. ഇതെല്ലാം പഞ്ചാബിന്റെ യുവതാരങ്ങള്‍ക്ക് ആവശ്യമുണ്ട്. പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ഗെയിലിന്റെ സഹായം. ഒരു മെന്ററായി അദ്ദേഹം പ്രവര്‍ത്തിക്കണം.'' കുംബ്ലെ പറഞ്ഞു.

കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ഒരു താരമെന്ന നിലയില്‍ ഗെയ്ല്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍. പ്രായവും ഫിറ്റ്‌നെസമുല്ലാം പ്രശ്‌നമാണെന്ന വിലയിരുത്തലിലാവും പഞ്ചാബ് ടീം മാനേജ്‌മെന്റ്. എന്നിരുന്നാലും ഒരുതവണ കൂടി താരത്തിന്റെ വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍.

click me!