
മുംബൈ: കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇന്ത്യയുടെയും മുംബൈ ഇന്ത്യൻസിന്റെയും താരമായ സൂര്യകുമാർ യാദവ് കടന്നു പോകുന്നത്. മുംബൈ ഇന്ത്യൻസിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലെത്തിയ താരം നിലവിൽ ടി 20 പുരുഷ ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ, കഴിഞ്ഞ കുറച്ച് ഇന്നിംഗ്സുകളായി താരത്തിന്റെ പ്രകടനം വളരെ മോശമാണ്. ഐപിഎൽ ഉൾപ്പെടെ ആറ് ഇന്നിംഗ്സുകൾ നോക്കിയാൽ 0(1), 0(1), 0(1), 15(16), 1(2), 0(1) എന്നിങ്ങനെയാണ് സൂര്യയുടെ സ്കോറുകൾ.
മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തിലും സൂര്യയുടെ ഈ മോശം ഫോം പ്രകടമായി. എന്നാൽ, മുംബൈ ഇന്ത്യൻസിനോടുള്ള താരത്തിന്റെ ആത്മാർഥതയെ പ്രശംസിച്ചിരിക്കുകയാണ് ടീമിന്റെ പരിശീലകൻ മാർക്ക് ബൗച്ചർ. ഫീൽഡ് ചെയ്യുന്നതിനിടെ അക്സർ പട്ടേലിന്റെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിൽ സൂര്യക്ക് പരിക്കേറ്റിരുന്നു. ഇടത് കണ്ണിന്റെ മുകളിലായി പന്ത് കൊണ്ടതോടെ ഉടൻ താരം വൈദ്യസഹായം തേടി. പിന്നീട് താരത്തിന് ഫീൽഡിംഗ് തുടരാൻ സാധിച്ചില്ല.
താരത്തിന്റെ കണ്ണിന് നീര് വയ്ക്കുന്നുണ്ടായിരുന്നുവെന്ന് മാർക്ക് ബൗച്ചർ പറഞ്ഞു. അതോടെ സാധാരണ നിലയിൽ നാലാം നമ്പറിൽ ഇറങ്ങുന്ന സൂര്യയെ അൽപ്പം കൂടി കഴിഞ്ഞ് ബാറ്റിംഗിന് അയക്കാമെന്ന് വിചാരിച്ചു. എന്നാൽ, തന്നെ ബാത്ത്റൂമിൽ വന്ന കണ്ട സൂര്യ തനിക്ക് നാലാം നമ്പറിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെന്ന് പറയുകയായിരുന്നു. കഠിനമായ സാഹചര്യങ്ങളെ ഭയപ്പെടാത്ത, നിർണായക സാഹചര്യങ്ങളിൽ മുന്നേറാൻ കഴിയുന്ന ഇത്തരം ശക്തരായ കളിക്കാരെ ടീമിൽ ആവശ്യമുണ്ടെന്ന് ബൗച്ചർ പറഞ്ഞു.
സമയം മോശമാകുമ്പോഴും ഡ്രെസിംഗ് റൂമിന്റെ പിന്നിൽ ഒളിക്കാൻ അവർ തയാറാകില്ല. പുറത്തുപോയി മികച്ച പ്രകടനം നടത്താൻ അവർ ആഗ്രഹിക്കുമെന്നും ബൗച്ചർ കൂട്ടിച്ചേർത്തു. മൈതാനത്ത് ധീരതയും ധൈര്യവും പ്രകടിപ്പിച്ചതിന് സൂര്യകുമാർ യാദവിന് മെഡൽ സമ്മാനിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, മത്സരത്തിൽ നാലാം നമ്പറിൽ ഇറങ്ങി സൂര്യ ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!