ധോണി ഉപദേഷ്ടാവ്, രോഹിത് ഭാവി ക്യാപ്റ്റന്‍; നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ട് പേരുടേയും ലക്ഷ്യം ഐപിഎല്‍ കിരീടം

By Web TeamFirst Published Sep 19, 2021, 1:46 PM IST
Highlights

ധോണിയുടെ ബാറ്റിംഗ് ഫോം ആകാംക്ഷ ഉയര്‍ത്തുമ്പോള്‍ ഇന്ത്യന്‍ ട്വന്റി 20 ടീം നായകപദവി ഉറപ്പിക്കാന്‍ രോഹിത്തിന് കിരീടം അനിവാര്യമാകും. 
 

ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ടം തുടങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്് നിരയിലെ ക്യാപ്റ്റന്മാരാണ് ശ്രദ്ധാകേന്ദ്രം. ധോണിയുടെ ബാറ്റിംഗ് ഫോം ആകാംക്ഷ ഉയര്‍ത്തുമ്പോള്‍ ഇന്ത്യന്‍ ട്വന്റി 20 ടീം നായകപദവി ഉറപ്പിക്കാന്‍ രോഹിത്തിന് കിരീടം അനിവാര്യമാകും. 

ചെന്നൈക്കായി സീസണിന്റെ ആദ്യ ഘട്ടത്തില്‍ ബാറ്റെടുത്ത ഒമ്പത് പേരില്‍ എട്ടാം സ്ഥാനത്തായിരുന്നു നായകന്‍. ഏഴ് കളിയില്‍ 30 പന്ത് നേരിധോണി നേടിയത് 37 റണ്‍സ് മാത്രം. താളം കണ്ടെത്താന്‍ ഏറെ സമയമെടുക്കുന്നത് ടീമിന് തിരിച്ചടിയായേക്കുമെന്ന് ധോണിക്ക് തന്നെ സമ്മതിക്കേണ്ടിവന്നു.

എന്നാല്‍ യുഎഇയിലെ പരിശീലന സെഷനുകള്‍ വ്യക്തമാക്കുന്നത് ക്യാപ്റ്റന്‍ കൂളിന്റെ വരവ് രണ്ടും കല്‍പ്പിച്ചുതന്നെയെന്നാണ്. ലോകകപ്പില്‍ ഉപദേഷ്ടാവായി കോലിപ്പടയ്‌ക്കൊപ്പം ചേരും മുന്‍പ് ഐപിഎല്‍ കിരീടം സ്വന്തമാക്കുക ധോണിക്ക് അഭിമാനപ്രശ്‌നവുമാകും.

ടി20 തലപ്പത്തേക്കുള്ള വരവിനു തടയിടാനുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ രോഹിത്തിനും വേണം ഐപിഎല്‍ കിരീടം. മുംബൈ ഇന്ത്യന്‍സ് ആറാം കിരീടം ഉയര്‍ത്തിയാല്‍, കോലിക്ക് പകരം കെ എല്‍ രാഹുലിനെയോ റിഷഭ് പന്തിനെയോ ഉയര്‍ത്തിക്കാട്ടാനുള്ള നീക്കങ്ങള്‍ അവസാനിക്കും.

സീസണിലെ ആദ്യ 20 റണ്‍വേട്ടക്കാരില്‍ മുംബൈയുടെ ഏക സാന്നിധ്യം കൂടിയായ രോഹിത്തിന് രണ്ടാംഘട്ടം ഒരേസമയം അവസരവും വെല്ലുവിളിയുമാണ്.

click me!