
ഹൈദരാബാദ്: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 53 റണ്‍സടിച്ചു.നാലു പന്തില്‍ മൂന്ന് റണ്‍സോടെ കാമറൂണ്‍ ഗ്രീനും 14 പന്തില്‍ 21 റണ്‍സോടെ ഇഷാന്‍ കിഷനും ക്രീസില്‍. 28 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മംബൈക്ക് നഷ്ടമായത്. ടി നടരാജനാണ് വിക്കറ്റ്.
സൂപ്പര്‍ ഹിറ്റ് തുടക്കം
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമെടുത്ത മുംബൈ മാര്‍ക്കോ ജാന്‍സന്‍റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് ലക്ഷ്യം വ്യക്തമാക്കി. മൂന്നാം ഓവര്‍ എറിയാനെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ ഹാട്രിക്ക് ഫോര്‍ അടിച്ച് വരവേറ്റ രോഹിത് ആ ഓവറില്‍ 13 റണ്‍സാണ് അടിച്ചെടുത്തത്. മാര്‍ക്കോ ജാന്‍സന്‍ എറിഞ്ഞ നാലാം ഓവറില്‍ ഒരു ബൗണ്ടറി മാത്രമെ മുംബൈക്ക് നേടാനായുള്ളു.
അഞ്ചാം ഓവര്‍ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ചാണ് രോഹിത് സ്വീകരിച്ചത്. പിന്നാലെ നടരാജനെ സിക്സിന് പറത്തിയ രോഹിത് ഫുള്‍ ഫോമിലായി. എന്നാല്‍ അടുത്ത പന്തില്‍ രോഹിത്തിനെ(18 പന്തില്‍ 28) ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച് നടരാജന്‍ മുംബൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 11 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ മുംബൈയെ 50 കടത്തി.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലേയിംഗ് ഇലവനിലെത്തി. ജോഫ്ര ആര്‍ച്ചര്‍ ഇന്നും മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. ഡുവാന്‍ ജോണ്‍സണ് പകരം ജേസന്‍ ബെഹന്‍ഡോര്‍ഫ് മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയതാണ് മറ്റൊരു മാറ്റം. അതേസമയം, ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, അർജുൻ ടെന്‍ഡുൽക്കർ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, ഐഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ടി നടരാജൻ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!