
മുംബൈ: ഐപിഎല്ലിലെ ആയിരാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി മുംബൈ വിജയവഴി കണ്ടെത്തിയപ്പോള്‍ പിറന്നത് ഐപിഎല്ലിലെ പുതിയ ചരിത്രം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് 214 റണ്‍സ്. 2019ല്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 198 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു വാംഖഡെയില്‍ ഇതുവരെ പിന്തുടര്‍ന്ന് ജയിച്ച് ഏറ്റവും ഉയര്‍ന്ന സ്കോര്‍. അതാണ് ഇന്നലെ രാജസ്ഥാനെതിരെ 213 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് മുംബൈ തന്നെ മറികടന്നത്. കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആണ് മൂന്നാം സ്ഥാനത്ത്.
ഐപിഎല്‍ ചരിത്രത്തില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ പക്ഷെ ഇപ്പോഴും രാജസ്ഥാന്‍ റോയല്‍സിന്‍റെ പേരിലാണ്. 2020 ഐപിഎല്ലില്‍ ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ഷെല്‍ഡണ്‍ കോട്രലിനെതിരെ തുടര്‍ച്ചയായി അഞ്ച് സിക്സ് പായിച്ച രാഹുല്‍ തെവാട്ടിയയുടെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ റോയല്‍സ് 224 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഇന്നലെ മുംബൈ നേടിയ ജയം ഐപിഎല്‍ ചരിത്രത്തില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന നാലാമത്തെ വലിയ ടോട്ടലാണ്.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 200 റണ്‍സ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സ് ജയം നേടിയിരുന്നു. അവസാന പന്തില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനായി സിക്കന്ദര്‍ റാസയാണ് മൂന്ന് റണ്‍ ഓടിയെടുത്ത് ടീമിന് ജയം സമ്മാനിച്ചത്. ഇന്നലെ നടന്ന ആദ്യ മത്സരത്തിലും രണ്ട് ടീമുകളും 200ന് മുകളില്‍ സ്കോര്‍ ചെയ്തതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ദിവസം നാലു ടീമുകളും 200ന് മുകളില്‍ സ്കോര്‍ ചെയ്യുക എന്ന പുതിയ ചരിത്രവും പിറന്നു.
രാജസ്ഥാനായി യശസ്വി ജയ്സ്വാള്‍ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎല്‍ ചരിത്രത്തില്‍ പത്തൊമ്പതാം തവണയാണ് സെഞ്ചുറി നേടിയിട്ടും ആ കളിക്കാരന് ടീമില ജയത്തില്‍ എത്തിക്കാന്‍ കഴിയാതിരിക്കുന്നത്. ഇതില്‍ അഞ്ച് തവണയും മുംബൈ ഇന്ത്യന്‍സിനെതിരെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!