
ബംഗലൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി സീസണ്‍ തുടങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ തകര്‍ന്നടിഞ്ഞ് നിരാശപ്പെടുത്തി. മുംബൈക്കെതിരായ വമ്പന്‍ ജയത്തില്‍ വിരാട് കോലിയുടെ മിന്നും ഫോമാണ് നിര്‍ണായകമായത്. എന്നാല്‍ കൊല്‍ക്കത്തക്കെതിരെ കോലി നല്ല തുടക്കത്തിനുശേഷം മടങ്ങിയതോടെ ആര്‍സിബി തകര്‍ന്നടിയുകയും ചെയ്തു.
ഏകദിനത്തിലും ടി20യിലും ഒടുവില്‍ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റിലും സെഞ്ചുറി അടിച്ച് ഐപിഎല്ലിനിറങ്ങിയ വിരാട് കോലിയുടെ ബാറ്റിംഗ് ഫോമിലാണ് ആര്‍സിബിയുടെ പ്രതീക്ഷ. എന്നാല്‍ ആദ്യ മത്സരത്തിലേതുപോലെ വരും മത്സരങ്ങളിലും കോലി റണ്ണടിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇത്തവണ ആദ്യ മത്സരത്തില്‍ റണ്‍സടിച്ച വിരാട് പതിവില്‍ നിന്ന് വ്യത്യസ്തമായാണ് സീസണ്‍ തുടങ്ങിയത്.
എന്നാല്‍ കോലിക്ക് ഇതേ ഫോമും വേഗതയുള്ള സ്കോറിംഗും നിലനിര്‍ത്താന്‍ കഴിയുമെന്നതിന് യാതൊരു ഉറപ്പുമില്ല. വരും മത്സരങ്ങളില്‍ ആര്‍സിബി നിരയിലെ മറ്റ് ബാറ്റര്‍മാരും അവരുടെ പ്രതിഭക്കും കഴിവിനുമൊത്ത പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു.അതുവഴി മാത്രമെ ടീമിലെ അവരുടെ സ്ഥാനം ന്യായീകരിക്കപ്പെടുകയുള്ളു. ആര്‍സിബിക്കായി കോലി ഓപ്പണ്‍ ചെയ്യരുതെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
മുംബൈക്കെതിരായ ആദ്യ മത്സരത്തില്‍ 49 പന്തില്‍ പുറത്താകാതെ 82 റണ്‍സടിച്ച വിരാട് കോലി ആര്‍ സി ബിയുടെ വിജയശില്‍പിയായിരുന്നു. എന്നാല്‍ കൊല്‍ക്കത്തക്കെതിരായ രണ്ടാം മത്സരത്തില്‍ 21 റണ്‍സെടുത്ത് കോലി പുറത്തായതോടെ ആര്‍സിബി തകര്‍ന്നടിഞ്ഞു. മൂന്നാം മത്സരത്തില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണ് ആര്‍ സി ബിയുടെ അടുത്ത മത്സരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!