
ലഹോര്‍: രണ്ടാം നിരയുമായെത്തിയ ന്യൂസിലൻഡുമായി ടി 20 പരമ്പര സമനിലയില്‍ കലാശിച്ചതോടെ കടുത്ത ട്രോള്‍ ഏറ്റുവാങ്ങി പാകിസ്ഥാൻ ടീം. അഞ്ച് മത്സര പരമ്പരയാണ് 2-2 എന്ന നിലയില്‍ അവസാനിച്ചത്. ആദ്യ മത്സരത്തില്‍ 88 റണ്‍സിന്‍റെ കൂറ്റൻ വിജയം നേടിയ പാകിസ്ഥാൻ, രണ്ടാം മത്സരവും വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, അടുത്ത പോരിൽ നാല് റണ്‍സിന്‍റെ വിജയം നേടി കിവികള്‍ തിരികെയെത്തി. നാലാം ടി 20 മഴ കൊണ്ട് പോയതോടെ അഞ്ചാം മത്സരം ഇരു ടീമിനും നിര്‍ണായകമായി മാറി.
ആറ് വിക്കറ്റിന്‍റെ മിന്നും വിജയം നേടി ഒടുവില്‍ കിവികള്‍ സമനില പിടിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എടുത്തപ്പോള്‍ 19.2 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി കിവികള്‍ വിജയതീരം തൊട്ടു. 57 പന്തില്‍ 107 റണ്‍സുമായി മാര്‍ക്ക് ചാപ്മാന്‍റെ തകര്‍ത്തതോടെ പാകിസ്ഥാന് നിലംതൊടാനായില്ല. ഐപിഎല്‍ നടക്കുന്നതിനാല്‍ ന്യൂസിലൻഡ് ടീമിലെ പ്രധാന താരങ്ങളെല്ലാം ഇന്ത്യയിലാണ്.
കെയ്ൻ വില്യംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പരിക്കുമേറ്റതിനാല്‍ രണ്ടാം നിര കിവി സംഘമാണ് പാകിസ്ഥാനില്‍ എത്തിയത്. ബാബര്‍ അസം, മുഹമ്മദ് റിസ്‍വാൻ തുടങ്ങി വമ്പൻ താര നിരയുമാണ് പാകിസ്ഥാൻ പരമ്പരയ്ക്ക് ഇറങ്ങിയത്. എന്നിട്ടും പരമ്പര സ്വന്തമാക്കാൻ സാധിക്കാതെ വന്നതോടെ കടുത്ത പരിഹാസവും വിമര്‍ശനവുമാണ് ടീം നേരിടുന്നത്. ന്യൂസിലൻഡ് സ്കൂള്‍ ടീമിനോട് പോലും ഈ പാക് ടീമിന് ജയിക്കാനാവില്ല എന്ന് വരെ പരിഹാസം കടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരെ ഷാർജയിൽ നടന്ന ടി 20 പരമ്പര നഷ്ടമായതിന് ശേഷമാണ് സൂപ്പര്‍ സംഘവുമായി പാകിസ്ഥാൻ ന്യൂസിലൻഡിനെതിരെ ഇറങ്ങിയത്.
നേരത്തെ, മുൻ പാക് ഓള്‍റൗണ്ടര്‍ പരമ്പരയ്ക്ക് മുമ്പ് കിവി സംഘത്തിന്‍റെ നിലവാരത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ന്യൂസിലൻഡ് അവരുടെ ഏറ്റവും മികച്ച ടീമിനെ തന്നെ അയക്കണമായിരുന്നു. ചില താരങ്ങൾ ഐപിഎല്ലിലേക്ക് പോയി. ചിലർക്ക് പരിക്കാണ്. അവർക്ക് ഈ പരമ്പരയിൽ വലിയ താത്പര്യമുണ്ടെന്ന് കരുതുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്ക് ന്യൂസിലൻഡിന്റെ ഏറ്റവും മികച്ച ടീം തന്നെ ഉണ്ടായിരുന്നു. ചില ആവേശകരമായ മത്സരങ്ങളും നടന്നു. എന്നാൽ, ഇപ്പോൾ സാഹചര്യത്തിനനുസരിച്ച് അവർ ഒരു ടീമിനെ അയച്ചതായാണ് തോന്നുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!