
ജയ്പൂര്‍: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ പ്രകടനമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റേത്. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 112 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന്‍ മാക്‌സ്‌വെല്‍ (54) എന്നിവരാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59ന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്‌വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളും അസ്ഥാനത്തായി. ഇപ്പോള്‍ തോല്‍ക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തകര്‍ച്ചയുടെ കാരണമറിയില്ലെന്നും സഞ്ജു മത്സരശേഷം പറഞ്ഞു. ക്യാപ്റ്റന്റെ വാക്കുകള്‍... ''കഴിഞ്ഞ മത്സരങ്ങളില്‍ ഞങ്ങളുടെ ആദ്യ മൂന്ന് ബാറ്റര്‍മാര്‍ക്ക് പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന് സാധിച്ചില്ല. പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താനാണ് ശ്രമിച്ചത്. പന്ത് പഴകുന്തോറും ബാറ്റേന്തുക ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. ആ ശൈലിയാണ് ഞാനും ജെയ്‌സ്വാളും ബട്‌ലറും ഇതുവരെ സ്വീകരിച്ചിരുന്നത്.പവര്‍പ്ലേയില്‍ നന്നായി കളിച്ചിരുന്നെങ്കില്‍ മത്സരം ടൈറ്റാവുമായിരുന്നു.
എന്നാല്‍ എല്ലാ ക്രഡിറ്റും ആര്‍സിബി ബൗളര്‍മാര്‍ക്കുള്ളതാണ്. എവിടെയാണ് പിഴച്ചതെന്ന് ഞാന്‍ ചിന്തിച്ചുനോക്കി. ടീം എങ്ങനെ ഇത്തരത്തില്‍ തകര്‍ന്നുവെന്നുള്ള ചോദ്യത്തിന് എനിക്ക് മറുപടിയൊന്നുമില്ല. ഐപിഎല്ലിന്റെ പ്രകൃതം നമുക്കെല്ലാവര്‍ക്കുമറിയാം. ഇപ്പോല്‍ കരുത്തരായി ഇരിക്കുയാണ് വേണ്ട്. ധരംശാലയിലെ മത്സരത്തെ കുറിച്ച് മാത്രമാണിപ്പോള്‍ ചിന്തിക്കുന്നത്. നന്നായി അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. പ്രകടനത്തിലെ ഉത്തരവാദിത്തം ടീം മൊത്തത്തില്‍ ഏറ്റെടടുക്കുന്നു.'' സഞ്ജു മത്സരത്തിന് ശേഷം പറഞ്ഞു.
തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ; അത്ര ദയനീയ റെക്കോര്‍ഡില്‍ സഞ്ജു സാംസണും കൂട്ടരും
തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സ് ആറാം സ്ഥാനത്തേക്ക് വീണു. 13 മത്സരങ്ങളില്‍ 12 പോയിന്റ് മാത്രമാണ് ടീമിനുള്ളത്. ഇനി പഞ്ചാബ് കിംഗ്‌സിനെതിരായ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. അതില്‍ ജയിച്ചാല്‍ പോലും പ്ലേ ഓഫിലെത്തുക മറ്റു ടീമുകളുെട മത്സരഫലത്തെ ആശ്രയിച്ചായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!