
ജയ്പുര്‍: ഗുജറാത്ത് ടൈറ്റൻസിനോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ രാജസ്ഥാൻ റോയല്‍സിനെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍. ഇത്രയും ഗതിക്കെട്ട ടീമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബട്‍ലറും, ജയ്സ്വാളും സഞ്ജുവും നിരാശപ്പെടുത്തിയാല്‍ മധ്യനിര അമ്പേ പരാജയപ്പെട്ട് പോകുന്നതാണ് രാജസ്ഥാൻ റോയല്‍സിനെ പ്രശ്നത്തിലാക്കുന്നത്. റിയാൻ പരാഗിനും ദേവദത്ത് പടിക്കലിനും എതിരെയാണ് വിമര്‍ശനങ്ങള്‍ കടുക്കുന്നത്.
റിയാൻ പരാഗ് ഇത്രയും കാലമായിട്ട് ടീമിന് വേണ്ടി എന്ത് ചെയ്തുവെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ആദ്യ മത്സരങ്ങളില്‍ വമ്പൻ പ്രകടനം പുറത്തെടുത്ത ബാറ്റിംഗ് നിര നിരാശപ്പെടുത്തുമ്പോള്‍ ജോ റൂട്ടിനെ പരീക്ഷിക്കണമെന്നാണ് ആരാധകര്‍ ആവശ്യമുയര്‍ത്തുന്നത്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് ടീമിലെത്തിച്ച ജോ റൂട്ടിന് ഒരു മത്സരം പോലും കളിക്കാൻ ഇതുവരെ അവസരം ഒരുങ്ങിയിട്ടില്ല. ഇന്ത്യയില്‍ നടന്ന 2016 ടി 20 ലോകകപ്പില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്നായി 146.47 പ്രഹരശേഷിയില്‍ 249 റണ്‍സ് അടിച്ച താരമാണ് റൂട്ട്.
ഇന്ത്യയില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരത്തിന് ജയ്പുരിലെ പിച്ചില്‍ പിടിച്ച് നില്‍ക്കാൻ സാധിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെതിരെ ടീം സെലക്ഷനില്‍ ഉള്‍പ്പെടെ സകലതും രാജസ്ഥാൻ റോയല്‍സിന് പാളിയപ്പോള്‍ സഞ്ജു സാംസണും കൂട്ടാളികളും തുലച്ച് കളഞ്ഞത് സുവര്‍ണാവസരമാണ്. ഐപിഎല്‍ പതിനാറാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മോഹങ്ങളാണ് ഗുജറാത്ത് ടൈറ്റൻസ് അവസാനിപ്പിച്ചത്.
ആദ്യ പകുതി പിന്നിട്ടപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന രാജസ്ഥാൻ റോയല്‍സിന്‍റെ പ്ലേ ഓഫ് എന്ന സ്വപ്നത്തിന് കൂടിയാണ് മങ്ങലേറ്റത്. ഇനിയുള്ള കളികളില്‍ ഈ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ഇത്തവണ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തലകുനിച്ച് മടങ്ങേണ്ട അവസ്ഥയുണ്ടാകും. ടീം സെലക്ഷനില്‍ വന്ന പിഴവാണ് സഞ്ജുവിനും സംഘത്തിനും തിരിച്ചടിയായത്. ദേവദത്ത് പടിക്കലും റിയാൻ പരാഗും ഒരുമിച്ച് കളിച്ചപ്പോഴെല്ലാം അത് ടീമിന് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. പരാഗിനെ ഇംപാക്ട് പ്ലെയറായി ഇറക്കേണ്ടി വന്ന ഗതികേടിലേക്ക് ടീം എത്തിപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!