
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തോൽവി വഴങ്ങിയപ്പോൾ സഞ്ജു സാംസണും നിരാശ. മികച്ച തുടക്കം ലഭിച്ചെങ്കിലും സഞ്ജു സാംസണ്‍ 15 പന്തില്‍ 22 റണ്‍സുമായി മടങ്ങുകയായിരുന്നു. എന്നാൽ, മത്സരത്തിൽ ആർസിബി സഞ്ജുവിനായി ഒരുക്കി വച്ച കെണിയിൽപ്പെടാതെ കുതിച്ച് കയറാൻ സഞ്ജുവിന് സാധിച്ചു. വാനിന്ദു ഹസരങ്കയെ ഉപയോഗിച്ച് സഞ്ജുവിനെ കുടുക്കാനാണ് ആർസിബി നായകൻ വിരാട് കോലി തന്ത്രം ഒരുക്കിയിരുന്നത്.
ഈ മത്സരത്തിന് മുമ്പ് ഹസരങ്കക്കെതിരെ ഇതുവരെ ഏഴ് ഇന്നിംഗ്സുകളിലായി 34 പന്തുകള്‍ കളിച്ചിട്ടുള്ള സഞ്ജുവിന് 25 റണ്‍സ് മാത്രമാണ് നേടാനായിരുന്നത്. പ്രഹരശേഷി 73.52 മാത്രവും ശരാശരിയാകട്ടെ 4.16 മാത്രവുമായിരുന്നു. കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ ആറ് തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരങ്കക്കായി എന്നതും ശ്രദ്ധേയമായിരുന്നു. ഏത് ബൗളറെയും അനായാസം സിക്സിന് പറത്തുന്ന സഞ്ജുവിന് ഹസരങ്കക്കെതിരെ രണ്ട് സിക്സുകള്‍ മാത്രമാണ് നേടാനായിരുന്നത്.
ഇന്നും സഞ്ജു എത്തിയതോടെ കോലി ഹസരങ്കയെ വിളിച്ചു. പക്ഷേ, ശ്രദ്ധയോടെങ്കിലും സമ്മർദ്ദം ഇല്ലാതെ ശ്രീലങ്കൻ താരത്തെ നേരിട്ട സഞ്ജു വിക്കറ്റ് പോകാതെ കാത്തു. ഒരു സിക്സും ഫോറും പായിക്കാനും താരത്തിന് സാധിച്ചു. എന്നാൽ, തൊട്ടടുത്ത ഓവറിൽ ഹർഷൽ പട്ടേലിന് മുന്നിൽ സഞ്ജു വീഴുകയായിരുന്നു. സാധാരണ വേഗം കുറഞ്ഞ പന്തുകളാണ് ഹർഷൽ കൂടുതൽ പരീക്ഷിക്കാറുള്ളത്. താരത്തിന്റെ ഏറ്റവും വലിയ ആയുധവും അത് തന്നെയായിരുന്നു. എന്നാൽ, 139 കി.മീ വേഗത്തിൽ ഹർഷലിന്റെ പരീക്ഷണത്തിലാണ് സഞ്ജുവിന്റെ ഷോട്ട് പാളിയത്.
അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏഴ് റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. ദേവ്ദത്ത് പടിക്കല്‍ (34 പന്തില്‍ 52), യഷസ്വി ജെയ്‌സ്വാള്‍ (37 പന്തില്‍ 47), ധ്രുവ് ജുറല്‍ (16 പന്തില്‍ 34) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!