
ലഖ്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ വിരാട് കോലിയുമായുള്ള വാക്കു തര്‍ക്കത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍റര്‍ ഗൗതം ഗംഭീര്‍. ഇന്‍സ്റ്റഗ്രാമില്‍ ഗംഭീര്‍ ഇന്നലെ മകളുടെ ജന്മദിനത്തിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് താഴെ പോലും കടുത്ത ആക്രമണമാണ് ചില ആരാധകര്‍ നടത്തുന്നത്. വിരാട് കോലിയോട് കളിക്കാൻ നില്‍ക്കരുത് എന്ന് തുടങ്ങി അസഭ്യ വാക്കുകള്‍ പോലും ചിത്രത്തിന് താഴെ കോലിയുടെ ആരാധകര്‍ എന്ന തരത്തില്‍ കമന്‍റ് ചെയ്യുന്നവര്‍ കുറിക്കുന്നുണ്ട്.
എന്നാല്‍, ഗംഭീര്‍ കമന്‍റ് ബോക്സ് അടയ്ക്കുകയോ എന്തെങ്കിലും പ്രതികരണം നടത്തുകയോ ചെയ്തിട്ടില്ല. അതേസമയം, വിരാട് കോലിയുമായുള്ള വാക്കു തര്‍ക്കത്തിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീൻ ഉള്‍ ഹഖും സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. ആക്രമണം കടുത്തതോടെ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ കമന്‍റ് വിഭാഗം പൂട്ടിക്കെട്ടേണ്ടി വന്നു. കിംഗിന് മുന്നില്‍ വളരെ ചെറുതാണ് എന്ന തരത്തിലുള്ള കമന്‍റുകളാണ് പഴയ ചിത്രങ്ങളില്‍ ഉള്‍പ്പെടെ വന്നത്.
അതേസമയം, ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനെ പ്രകോപിപ്പിച്ച കോലിയുടെ വാക്കുകള്‍ എന്തായിരിക്കുമെന്നതിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് ആരാധകര്‍ നടത്തുന്നത്. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ എത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി ഇതുപോലെയാണ് നീ എനിക്ക് എന്ന് പറഞ്ഞുവെന്നാണ് വീഡിയോകള്‍ കണ്ട് ആരാധകര്‍ പറയുന്നത്.
ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീറുമായും കോലി ഉടക്കി. നവീനുമായുള്ള ഹസ്തദാനത്തിനുശേഷം മടങ്ങുകയായിരുന്ന കോലിയുടെ അടുത്തെത്തി ലഖ്നൗ താരം കെയ്ല്‍ മയേഴ്സ് സംസാരിക്കുമ്പോള്‍ ഗംഭീറെത്തി മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുശേഷം രാഹുലും കോലിയും തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ സമീപത്തുകൂടെ പോയ നവീനിനെ രാഹുല്‍ അടുത്തേക്ക് വിളിച്ചെങ്കിലും നവീന്‍ വരാന്‍ കൂട്ടാക്കിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!