അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആര് ? ധോണിയെന്ന് മറുപടി പറയാന്‍ പോണ്ടിംഗിന് ഒരുപാട് കാരണങ്ങളുണ്ട്

By Web TeamFirst Published Sep 18, 2020, 9:43 PM IST
Highlights

ധോണിയുടെ കീഴിലിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അപകടകാരികളാണെന്നാണ് ഡല്‍ഹി കാപിറ്റില്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ് പറയുന്നത്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നാളെ കൊടിയേറ്റം. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് നേരിടുന്നത്. ടൂര്‍ണമെന്റിലെ പ്രധാനികളാണ് ഇരു ടീമുകളും. രോഹിത് ശര്‍മയുടെ കീഴിലെത്തുന്ന മുംബൈ ഇന്ത്യന്‍സ് നാല് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഷെല്‍ഫില്‍ മൂന്ന് കിരീടങ്ങളും. തുടങ്ങുന്നതിന് മുമ്പ് എതിര്‍താരങ്ങളെ കുറിച്ചുള്ള വിലയിരുത്തലും ആരംഭിച്ചു. 

ധോണിയുടെ കീഴിലിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അപകടകാരികളാണെന്നാണ് ഡല്‍ഹി കാപിറ്റില്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ് പറയുന്നത്. അതിന്റെ കാരണമായി പോണ്ടിംഗ് ചൂണ്ടികാണിക്കുന്നത് ധോണിയുടെ സാന്നിധ്യമാണ്. പോണ്ടിംഗ് പറയുന്നതിങ്ങനെ... ''ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അപകടകാരികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. അതിന്റെ പ്രധാന കാരണം ധോണി തന്നെ. സിഎസ്‌കെയില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ട ഫിനിഷറാണ് ധോണി. എതിര്‍ ടീമില്‍ ഏറ്റവും കൂടുതല്‍ അപകടം വിതയ്ക്കാന്‍ കെല്‍പ്പുള്ള ധോണിയെ ഭയത്തോടെയല്ലാതെ എതിര്‍ താരങ്ങള്‍ കാണുക.'' പോണ്ടിംഗ് വ്യക്തമാക്കി. 

അവസാന ഓവറുകളില്‍ ധോണി ക്രീസിലുണ്ടെങ്കില്‍ കാര്യങ്ങള്‍ എതിര്‍ ടീമുകള്‍ക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. ''അവസാന നാല് ഓവറുകള്‍ ധോണി അദ്ദേഹത്തിന്റെ മുഴുവന്‍ ശക്തിയും പുറത്തെടുക്കും. ഇത്തവണയും അദ്ദേഹം ഫിനിഷിംഗ് റോളുകള്‍ ഗംഭീരമാക്കും. ഇതുതന്നെയാണ് ചെന്നൈ നിരയിലെ ഏറ്റവും അപകടകാരിയായ താരമായി ധോണിയെ മാറ്റുന്നത്. ചെന്നൈയുടെ പദ്ധതികള്‍ മുഴുവന്‍ ധോണിയെ കേന്ദ്രീകരിച്ചാണ്. 

റെയ്‌നയുടെ അഭാവത്തില്‍ ധോണി മുന്‍നിരയില്‍ കയറി കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിച്ചെങ്കിലും സിഎസ്‌കെയ്ക്കായി അദ്ദേഹം കൂടുതല്‍ വിജയങ്ങള്‍ കൊതിക്കുന്നുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ കിരീടം പിടിച്ചെടുക്കുമെന്നുള്ള ആശയും ധോണിക്കുണ്ടാവും.'' പോണ്ടിംഗ് പറഞ്ഞുനിര്‍ത്തി.

click me!