
മുംബൈ: ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടം കലാശക്കൊട്ടിലേക്ക് കടക്കുമ്പോള്‍ മുംബൈ ഇന്ത്യൻസ് ആദ്യ നാലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആര്‍സിബിയെ വാംഖഡെയില്‍ തകര്‍ത്ത് വിട്ടാണ് മുംബൈയുടെ സ്റ്റാര്‍ സംഘം ആദ്യ നാലിലേക്ക് കുതിച്ച് എത്തിയത്. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശര്‍മ്മയുടെയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്‍റെയും ചിത്രങ്ങളാണ് വൈറലാകുന്നത്.
ഒരു പരസ്യ ചിത്രീകരണത്തിനിടെയുള്ള ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. രോഹിത്തും സൂര്യയും വളരെ പ്രായമുള്ള മുത്തച്ഛൻമാരുടെ വേഷത്തിലാണ് ഉള്ളത്. പരസ്യ ചിത്രീകരണത്തിന്‍റെ വീഡിയോയും പുറത്തായിട്ടുണ്ട്. അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പരാജയപ്പെട്ടതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകളാണ് തുലാസിലായത്. 11 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ആര്‍സിബി നിലവില്‍ ഏഴാം സ്ഥാനത്താണ്.
മുംബൈ ഇത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ആര്‍സിബിക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്കും 10 പോയിന്റ് വീതമുണ്ട്. റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ അഞ്ചാമതാണ്. തൊട്ടുപിന്നിലാണ് കൊല്‍ക്കത്ത. 10 മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി കാപിറ്റല്‍സും യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്. ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചെന്ന് ഏറെക്കുറെ ഉറപ്പായി. ഇത്രയും മത്സരങ്ങില്‍ 13 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടാം സ്ഥാനത്താണ്. 11 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുംബൈക്ക് പിന്നില്‍ നാലാമത് നില്‍ക്കുകയാണ്. എന്നാല്‍, ലഖ്‌നൗ പോയിന്റ് പട്ടികയില്‍ നിന്ന് താഴെയിറങ്ങാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ച് കെ എല്‍ രാഹുല്‍ പോലും ടീമിലില്ലാത്ത സാഹചര്യത്തില്‍ ലഖ്നൗ കനത്ത തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!