ഇത്തവണയും മധ്യനിരയിലോ..? ഐപിഎല്ലില്‍ തന്റെ ബാറ്റിംഗ് സ്ഥാനത്തെ കുറിച്ച് രോഹിത് ശര്‍മ

By Web TeamFirst Published Sep 18, 2020, 9:56 AM IST
Highlights

ഈ സീസണില്‍ രോഹിത്തിന്റെ ബാറ്റിങ് പൊസിഷന്‍ എവിടെയായിരിക്കുമെന്നുള്ള കാര്യത്തില്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ്ത താരം.

ദുബായ്: കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി മുഴുവന്‍ സമയവും ഓപ്പണറായിട്ടാണ് രോഹിത് ശര്‍മ കളിച്ചത്. എന്നാല്‍ മുമ്പുള്ള സീസണുകളില്‍ മൂന്നാമാനും നാലാമനുമായെല്ലാം രോഹിത് ഇറങ്ങിയിട്ടുണ്ട്. ടീമിന്റെ മധ്യനിര ശക്തിപ്പെടുത്തുക ലക്ഷ്യത്തോടെയാണ് രോഹിത് അത്തരമൊരു തീരുമാനം എടുത്തിരുന്നത്. കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു രോഹിത്തിന്റെ പങ്കാളി. 

ഈ സീസണില്‍ രോഹിത്തിന്റെ ബാറ്റിങ് പൊസിഷന്‍ എവിടെയായിരിക്കുമെന്നുള്ള കാര്യത്തില്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ്ത താരം. ഇത്തവണയും ഓപ്പണറായേക്കുമെന്നുള്ള സൂചനയാണ് താരം നല്‍കുന്നത്. ക്യാപ്റ്റന്റെ വാക്കുകള്‍... ''കഴിഞ്ഞ സീസണില്‍ മുഴുവന്‍ സമയവും ഓപ്പണറായിട്ടാണ് ഞാന്‍ കളിച്ചത്. ഇത്തവണയും അതില്‍ മാറ്റമൊന്നും ഉണ്ടാവില്ല. എന്റെ കാര്യത്തില്‍ എല്ലാ ഓപ്ഷനും തുറന്നുകിടക്കുകയാണ്. ടീം മാനേജ്‌മെന്റ് എന്താണോ ആവശ്യപ്പെടുന്നത്. അത് ഞാന്‍ ചെയ്യും. അതിലെനിക്ക് സന്തോഷം മാത്രമാണുള്ളത്. മുന്‍ നിരയില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നു. അതിപ്പോള്‍ ദേശീയ ടീമിനായാലും മുംബൈ ഇന്ത്യന്‍സിനായാലും അങ്ങനെതന്നെ.'' രോഹിത് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 15 തവണയും ഓപ്പണറായ കളിച്ച രോഹിത് 28.92 ശരാശരിയില്‍ 405 റണ്‍സാണ് നേടിയത്. 2018ല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് രോഹിത് ഓപ്പണായത്. 23.83 റണ്‍സാണ് രോഹിത് സീസണില്‍ നേടിയത്. 2017ല്‍ ഒരു മത്സരത്തില്‍ പോലും രോഹിത് ഓപ്പണറായിരുന്നില്ല. 23.78 ശരാശരിയില്‍ 333 റണ്‍സാണ് രോഹിത് നേടിയത്. ഈ രണ്ട് സീസണുകളാണ് ഹിറ്റ്മാന്റെ ഐപിഎല്‍ കരിയറിലെ മോശം സീസണ്‍. 

ഇത്തവണയും രോഹിത് ഓപ്പണാവുമെന്ന സൂചനയാണ് പരിശീലകന്‍ മഹേല ജയവര്‍ധനെയും നല്‍കിയത്. രോഹിത്- ഡി കോക്ക് മികച്ച കൂട്ടുകെട്ടാണെന്നും അവര്‍ക്ക് പരസ്പര ധാരണയുണ്ടെന്നും ജയവര്‍ധനെ പറഞ്ഞു. മറ്റൊരു ഓപ്പണറായ ക്രിസ് ലിന്‍ വലിയൊരു ഓപ്ഷനാണെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

click me!