
ജയ്പുര്‍: ഐപിഎല്‍ 2023 സീസണിലെ നിര്‍ണായക പോരില്‍ രാജസ്ഥാൻ റോയല്‍സ് നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പ്ലേ ഓഫിലേക്കുള്ള മുന്നേറ്റത്തില്‍ ഇരു ടീമിനും നിര്‍ണയകമാണ് നാളത്തെ മത്സരം. അവസാന നാല് കളിയില്‍ മൂന്നും വിജയിച്ചാണ് കൊല്‍ക്കത്ത എത്തുന്നത്. ടൂര്‍ണമെന്‍റിന്‍റെ ആദ്യം പകുതിയില്‍ ഒന്ന് പതറിയെങ്കിലും പതിയെ താളം കണ്ടെത്തി നിതീഷ് റാണ എന്ന നായകന് കീഴില്‍ പൊരുതി കയറുകയാണ് കൊല്‍ക്കത്ത. എന്നാല്‍, ഇതിന് നേരെ വിപരീതയാണ് രാജസ്ഥാൻ റോയല്‍സിന്‍റെ കാര്യം.
സീസണില്‍ തുടക്കം ഗംഭീരമാക്കിയ രാജസ്ഥാൻ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു. പക്ഷേ, അവസാന അഞ്ച് കളിയില്‍ ഒരു ജയം മാത്രമാണ് ടീമിന് കുറിക്കാനായത്. അതില്‍ തന്നെ 200 റണ്‍സിലേറെ ടീമിന് നേടാനായിട്ടും ജയിക്കാനാകാത്തത് വലിയ തിരിച്ചടി തന്നെയാണ്. ബാറ്റിംഗ് തുണച്ചാലും ബൗളിംഗില്‍ പതറുന്നതാണ് രാജസ്ഥാനെ വലയ്ക്കുന്നത്. ഡെത്ത് ഓവറുകളില്‍ വിശ്വസ്തൻമാര്‍ ആരുമില്ലാത്ത അവസ്ഥയാണ്.
അവസാന രണ്ടോവറില്‍ 41 റണ്‍സ് പോലും വഴങ്ങുന്ന തരത്തിലേക്ക് രാജസ്ഥാൻ ബൗളിംഗ് എത്തി കഴിഞ്ഞു. അതിനൊപ്പം കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് അവസാന പന്തില്‍ നോ ബോള്‍ എറിഞ്ഞ് തോല്‍വി വഴങ്ങേണ്ടി വന്നത് ടീമിന്‍റെ ആത്മവിശ്വാസത്തെ ഒന്നാകെ തളര്‍ത്തിയിട്ടുണ്ട്.
രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണ് വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. ടീമിന്‍റെ ഊര്‍ജം കൂട്ടിക്കൊണ്ട് സഞ്ജു തന്നെ മുന്നില്‍ നിന്ന് നയിക്കണം. നേരിട്ട തുടര്‍ പരാജയങ്ങളുടെ ആഘാതം എങ്കിലേ കുറയ്ക്കാൻ സാധിക്കൂ. ഒപ്പം വരുത്തുന്ന ബൗളിംഗ് മാറ്റങ്ങളില്‍ സഞ്ജു കൂടുതല്‍ ശ്രദ്ധിക്കണം. ഇംപാക്ട് പ്ലെയറിനെ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ സഞ്ജുവിനൊപ്പം ടീം മാനേജ്മെന്‍റും കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!