
കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവും അവിശ്വസനീയമായ പോരാട്ടമാണ് സീസണില്‍ കൊല്‍ക്കത്തയും ഗുജറാത്തും തമ്മില്‍ നടന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. വാലറ്റക്കാരന്‍ ഉമേഷ് യാദവിനൊപ്പം കൊല്‍ക്കത്തക്കായി ക്രീസിലുണ്ടായിരുന്നത് റിങ്കു സിംഗാണ്.
വെങ്കിടേഷ് അയ്യര്‍ വെടിക്കെട്ടില്‍ വിജയം പ്രതീക്ഷിച്ച കൊല്‍ക്കത്ത റാഷിദ് ഖാന്‍റെ ഹാട്രിക്കില്‍ പരാജയം ഉറപ്പിച്ചിടത്തു നിന്ന് അവിശ്വസനീയമായി റിങ്കു സിംഗ് വിജയം അടിച്ചെടുക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ച് സിക്സകള്‍ പറത്തിയാണ് കൊല്‍ക്കത്തയെ റിങ്കു വിജയത്തിലെത്തിച്ചത്. ഇപ്പോള്‍ കൊല്‍ക്കത്തൻ ആരാധകരെ ആവേശക്കടലില്‍ മുക്കിയ റിങ്കു സിംഗിന് ടീം ഉടമ ഷാരുഖ് നല്‍കി ഓഫറിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
മത്സരശേഷം ഷാരുഖ് ഖാൻ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്ന് റിങ്കു പറഞ്ഞു. തന്‍റെ വിവാഹത്തിന് പങ്കെടുക്കാൻ വരുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ വിവാഹങ്ങള്‍ക്ക് തന്നെ വിളിക്കാറുണ്ട്, പക്ഷേ പോകാറില്ല. എന്നാല്‍, നിന്‍റെ വിവാഹത്തിന് വരുമെന്നും ഡാൻസ് കളിക്കുമെന്നും ഷാരുഖ് ഖാൻ പറഞ്ഞുവെന്ന് റിങ്കു സിംഗ് പറഞ്ഞു. അവിശ്വസനീയമായ ഇന്നിംഗ്‌സില്‍ റിങ്കുവിനെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്‌ത്തിയിരുന്നു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ ഇന്നിംഗ്‌സാണ് റിങ്കു സിംഗ് കാഴ്‌ചവെച്ചത് എന്നാണ് ആരാധകരുടെ പ്രതികരണം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ നടത്തിയ ഓണ്‍ലൈന്‍ പോളിംഗിലാണ് റിങ്കു സിംഗിന്‍റെ ഇന്നിംഗ്‌സ് ആരാധകര്‍ തെരഞ്ഞെടുത്തത്. 81 ശതമാനം പേര്‍ റിങ്കു സിംഗിന് അനുകൂലമായി വോട്ട് ചെയ്‌തു. മാജിക്കല്‍ പ്രകടനത്തിന് ശേഷവും ഐപിഎല്ലില്‍ മികച്ച ഫോമിലാണ് റിങ്കു സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!