
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും-പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടത്തില്‍ മനം കവര്‍ന്ന ഒട്ടേറെ പ്രകടനങ്ങളുണ്ടായിരുന്നു. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം പുറത്തെടുത്ത പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനും പഞ്ചാബിന് പഞ്ച് തുടക്കം നല്‍കിയ പ്രഭ്‌സിമ്രാന്‍ സിംഗും രാജസ്ഥാനും വേണ്ടി മുന്നില്‍ നിന്ന് പടനയിച്ച സഞ്ജു സാംസണും വെടിക്കെട്ടിന് തിരികൊളുത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയറുമെല്ലാം ഉണ്ടായിരുന്നെങ്കിലും ആരാധകരുടെ മനും കവര്‍ന്നത് മറ്റൊരു താരമായിരുന്നു.
രാജസ്ഥാന്‍റെ ഇംപാക്ട് പ്ലേയറായി യുസ്‌വേന്ദ്ര ചാഹലിന് പകരമെത്തിയ ധ്രുവ് ജുറെലിന്‍റെ പ്രകടനമായിരുന്നു. ദേവ്ദത്ത് പടിക്കല്‍ പുറത്തായശേഷം ക്രീസിലെത്തിയ ധ്രുവ് തുടക്കത്തില്‍ ഹെറ്റ്മെയറിന് സ്ട്രൈക്ക് നല്‍കാനാണ് ശ്രമിച്ചത്. എന്നാല്‍ രാജസ്ഥാന്‍ ലക്ഷ്യം അവസാന മൂന്നോവറില്‍ 54 റണ്‍സായതോടെ ഹെറ്റ്മെയറിനൊപ്പം ജുറെലും തകര്‍പ്പനടികളുമായി കൂടെക്കൂടി.
പതിനെട്ടാം ഓവറില്‍ 19 റണ്‍സടിച്ച ഹെറ്റ്മെയറും ജൂറെലും ചേര്‍ന്ന് അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നേടിയത് 18 റണ്‍സ്. ഇതില്‍ അര്‍ഷ്ദീപിന്‍റെ മൂന്നാം പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ ജുറെല്‍ സിക്സിന് പറത്തിയത് കണ്ട് കമന്‍ററി ബോക്സിലുണ്ടായിരുന്ന ഇയാന്‍ ബിഷപ്പിനും ക്രിസ് മോറിസിനും സന്തോഷം അടക്കാനായില്ല.
എന്തൊരു ഷോട്ടായിരുന്നു ഇതാണ് ഇംപാക്ട് പ്ലേയര്‍ കളിച്ച ഇംപാക്ടുള്ള ഷോട്ട്, അസാമാന്യം, അസാമാന്യം എന്ന് ഇയാന്‍ ബിഷപ്പ് അലറി വിളിച്ചപ്പോള്‍ കമന്‍ററി ബോക്സില്‍ കൂടെയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ക്രിസ് മോറിസ് പറഞ്ഞത് കവറിനുമുകളിലൂടെ ജുറെല്‍ പറത്തിയത് ഇന്നത്തെ മത്സരം കണ്ട ഏറ്റവും മികച്ച ഷോട്ടാണെന്നാണ്. കവറിന് മുകളിലൂടെ പറത്തിയ ആ ഷോട്ട് കണ്ട് സാക്ഷാല്‍ വിരാട് കോലി പോലും അസൂയപ്പെടുന്നുണ്ടാവുമെന്നും മോറിസ് പറഞ്ഞു. ആ സിക്സിനുശേഷം ആവേശം അടക്കാനാവാതെ പഞ്ച് ചെയ്യുന്ന ജുറെലിനെയും കാണാമായിരുന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് പക്ഷെ മൂന്നാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ ഹെറ്റ്മെയര്‍ റണ്ണൗട്ടായത് തിരിച്ചടിയായി. അവസാന പന്തില്‍ ജൂറെല്‍ ബൗണ്ടറിയടിച്ചെങ്കിലും രാജസ്ഥാന്‍റെ തോല്‍വി ഒഴിവാക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!